പ്രവാസി വ്യവസായിയുടെ ആത്മഹത്യ : രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി കൂടി ഇന്ന് രേഖപ്പെടുത്തും

Jaihind Webdesk
Thursday, June 27, 2019

Syamala-Sajan-1

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ അന്വേഷിക്കുന്ന   പ്രത്യേക സംഘം  രണ്ട് ഉദ്യോഗസ്ഥരുടെ കൂടി മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന്
സർക്കാർ നടപടി നേരിട്ട രണ്ട്  ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ തുടർന്ന് സസ്പെൻഷനിലായ ഓവർസിയർമാരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. ഓവർസിയർമാരായ അഗസ്ത്യൻ, സത്യൻ എന്നിവരോട് മൊഴി നൽകാൻ ഇന്ന് നേരിട്ട്  എത്താൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയ നഗരസഭാ സെക്രട്ടറിയുടെയും, അസിസ്റ്റന്‍റ് എന്‍ജിനീയറുടെയും മൊഴി ജില്ലാ പൊലീസ് മേധാവിയും ഡി.വൈ.എസ്.പിയും ചേർന്ന് വിശദമായി ഇന്ന് പരിശോധിക്കും. ഇതിന് ശേഷമായിരിക്കും കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടികൾ സ്വീകരിക്കുക.

നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി പരിശോധിച്ച് മാത്രമേ  നഗരസഭ ചെയർപേഴ്സണ്‍ പി.കെ ശ്യാമളയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയുള്ളു. സാജനോട് ശത്രുതാപരമായി പെരുമാറിയിട്ടില്ലെന്നാണ് സസ്പെൻഷനിലായ നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. പാർത്ഥാസ് കൺവെൻഷൻ സെന്‍ററിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് താൻ ചൂണ്ടിക്കാട്ടിയത്. ഇതിനോട് ചേർന്നുള്ള സാജന്‍റെ വില്ലാ പ്രോജക്ടിലെ നാല് കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിച്ചത് താനാണെന്നും ഗിരീഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കിട്ടുണ്ട്.