ആന്തൂര്‍ ആത്മഹത്യ: പൊലീസിനെ ഉപയോഗിച്ച് തടിയൂരാന്‍ സി.പി.എം ശ്രമമെന്ന് കെ സുധാകരന്‍ എം.പി

Jaihind Webdesk
Sunday, July 14, 2019

K-Sudhakaran

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെ ഉപയോഗിച്ച് പ്രതിസ്ഥാനത്തുനിന്ന് തലയൂരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന്  കെ സുധാകരൻ എം.പി. അങ്ങനെ ചെയ്താൽ ഒരു കുടുംബത്തിന്‍റെ കൂട്ടക്കുരുതിക്ക് അവർ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും കെ സുധാകരൻ. കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന പദയാത്രയുടെ ആദ്യ ദിനത്തിലെ പര്യടനത്തിന്‍റെ  സമാപന സമ്മേളനം ധർമ്മശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ.

ആന്തൂർ നഗരസഭാ അധികൃതരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ നഗരസഭാ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന സി.പി.എമ്മിന്‍റെയും  സംസ്ഥാന സർക്കാറിന്‍റെയും ജനവിരുദ്ധ നടപടികൾക്കെതിരെയാണ് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആന്തൂർ നഗരസഭയിൽ പദയാത്ര സംഘടിപ്പിക്കുന്നത്. ബക്കളത്ത് നിന്നാരംഭിച്ച പദയാത്രയിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു.

കടമ്പേരി കവല, അയ്യൻകോവിൽ, കോടല്ലൂർ, കോൾമൊട്ട, പറശിനിക്കടവ് മമ്പാല,  പറശിനിക്കടവ് ബസ് സ്റ്റാന്‍ഡ്, കൊവ്വൽ, കമ്പിൽക്കടവ്, തളിയിൽ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം  ധർമ്മശാലയിൽ ആദ്യ ദിനത്തിലെ പര്യടനം സമാപിച്ചു. സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി ദാസന്‍റെ സ്മൃതി മണ്ഡപത്തിൽ ജാഥാനായകൻ സതീശൻ പാച്ചേനി പുഷ്പാർച്ചന നടത്തി. ധർമ്മശാലയിൽ  നടന്ന ആദ്യ ദിന സമാപന പൊതുയോഗം കെ സുധാകരൻ എം.പി  ഉദ്ഘാടനം ചെയ്തു. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പൊലീസിനെ ഉപയോഗിച്ച് പ്രതിസ്ഥാനത്തുനിന്ന് തലയൂരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന്  കെ സുധാകരൻ പറഞ്ഞു. പി ജയരാജനെയും ജയിംസ് മാത്യു എം.എല്‍.എയെയും നിശബ്ദരാക്കാൻ സി.പി.എം അച്ചടക്കത്തിന്‍റെ ദണ്ഡ് ഉപയോഗിക്കുന്നതായും കെ സുധാകരൻ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, വിവിധ ഡി.സി.സി നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.