കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് പുറത്ത് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശങ്ങൾ പൊലീസ് അട്ടിമറിക്കുന്നു : സതീശൻ പാച്ചേനി

Jaihind News Bureau
Thursday, June 18, 2020

കണ്ണൂർ കോർപ്പറേഷനിൽ താളിക്കാവ്, കാനത്തൂർ, പയ്യാമ്പലം എന്നീ ഡിവിഷനുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ പൂർണ്ണമായും സഹകരിച്ച് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഭരണ സംവിധാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കാനും കൂടുതൽ ശാസ്ത്രീയ രീതികൾ നിയന്ത്രണങ്ങളിൽ എർപ്പെടുത്തി പൊതുവായി ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനും ഉത്തരവാദപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

കണ്ണൂർ ടൗണിൽ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്നും കണ്ടെയ്ൻമെന്‍റ് സോണുകൾക്ക് പുറത്ത് ഓഫീസുകളിലും മറ്റും പോകുന്ന ജീവനക്കാരെയും നിത്യവൃത്തിക്ക് പോകുന്ന ജനങ്ങളെയും അനാവശ്യമായി തടഞ്ഞ് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശങ്ങൾക്ക് പുറത്ത് ഏകപക്ഷീയമായി പൊലീസ് മുറ സ്വീകരിക്കുന്നത് ഗുണകരമാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്നും നാടിന്‍റെ പൊതുവായ ക്ഷേമത്തിന് വേണ്ടി എല്ലാവിധ സർക്കാർ നിർദ്ദേശങ്ങളും ശിരസ്സാ വഹിക്കുന്ന ജനങ്ങളെ ശത്രുക്കളായിക്കണ്ട് പൊലീസ് സേന പെരുമാറരുതെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.