സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര ഇന്ന് സമാപിക്കും

Jaihind News Bureau
Monday, February 24, 2020

കണ്ണൂർ : ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര ഇന്ന് സമാപിക്കും. കണ്ണൂരിൽ വൈകുന്നേരത്തോടെ നടക്കുന്ന വൻ ബഹുജന റാലിയോടെയാണ് പദയാത്ര സമാപിക്കുക. തുടർന്ന് നടക്കുന്ന പൊതു യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

പൗരത്വ നിയമ ഭേദഗതിെക്കെതിരെയും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് സഹനസമര പദയാത്ര സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിച്ച പദയാത്ര കണ്ണൂരിലെ ഗ്രാമങ്ങളിലൂടെയും ചെറുനഗരങ്ങളിലൂടെയും അഞ്ഞൂറിലധികം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. ഇക്കഴിഞ്ഞ
ജനുവരി 28ന്  മാഹിയിൽ വെച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പതാക കൈമാറിക്കൊണ്ടാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്.

ജില്ലയിലെ 360 സ്വീകരണകേന്ദ്രങ്ങളിൽ സന്ദർശിച്ച് 1600 ഓളം പ്രാദേശിക വരവേല്‍പ് കേന്ദ്രങ്ങളിൽ പ്രചരണം നടത്തിയാണ് പദയാത്ര സമാപിക്കുന്നത്. പദയാത്ര സഞ്ചരിച്ച ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും പദയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യു.ഡി.എഫിലെ മുസ്‌ലീം ലീഗ് പ്രവർത്തകർ ഉൾപ്പടെ പദയാത്രയെ വിവിധ ഇടങ്ങളിൽ വരവേറ്റു.
സഹനസമര പദയാത്രയുടെ സമാപന റാലി ഇന്ന്  കണ്ണൂരിൽ നടക്കും. വൈകിട്ട് 3 മണിക്ക് കണ്ണൂർ പ്രഭാത് നിന്ന്  ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിക്കും.

സമാപന പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. എം.പിമാരായ  കെ സുധാകരൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.