എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണം

Jaihind Webdesk
Saturday, October 13, 2018

എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള യോഗ്യത എച്ച്എഎല്ലിന് മാത്രമെന്നും സ്ഥാപനത്തിന് വേണ്ടി പോരാടുമെന്നും രാഹുൽ പറഞ്ഞു. ബെംഗലൂരുവിൽ എച്ച്എഎൽ ജീവനക്കാരുമായി നടത്തിയ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി.

70 വർഷത്തെ അനുഭവ സമ്പത്തുളള എച്ച്എഎല്ലിനെ തഴഞ്ഞതിലൂടെ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങളെ കേന്ദ്ര സർക്കാർ വൃണപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ പുരോഗതിയിൽ ചരിത്രപ്രധാന്യമുള്ള സ്ഥാനമാണ് എച്ച്എഎല്ലിന്‍റേത്. പൊതുമേഖല രാജ്യത്തിന്‍റെ നട്ടെല്ലാണെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്നും രാഹുൽ വ്യക്തമാക്കി.

യുദ്ധ വിമാന നിർമാണ ഇടപാടിൽ നിന്നും എച്ച്എഎല്ലിനെ ഒഴിവാക്കിയതിനുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധി ജീവനക്കാരുമായി ബെംഗലൂരുവിൽ കൂടിക്കാഴ്ച നടത്തിയത്.