ഇന്ധനവിലവര്‍ധനവിനെതിരെ തലസ്ഥാനത്ത് യു.ഡി.എഫ് പ്രതിഷേധം

Jaihind Webdesk
Monday, September 10, 2018

തിരുവനന്തപുരം: കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. ഇത് ജനങ്ങളുടെ ഹർത്താലാണെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. നികുതി കൊളളയാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസനും അഭിപ്രായപ്പെട്ടു. ഇന്ധന വില വർധനവിനെതിരെ തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിച്ച എജീസ് ഓഫീസ് മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

രാവിലെ പതിനൊന്ന് മണിക്ക് MLA ഹോസ്റ്റലിന് മുന്നിൽ നിന്നാണ് പ്രതിഷേധ പ്രടകനം ആരംഭിച്ചത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ,എന്നിവർക്ക് പുറമെ എം.എൽ.എ മാരും കെ.പി.സി. സി, ഡി.സി.സി ഭാരവാഹികളും ഘടകകക്ഷി നേതാക്കളുമടക്കം നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.

https://www.youtube.com/watch?v=104mbjVQKNw

അടിക്കടിയുളള ഇന്ധന വില വർധനവിലൂടെ മോദി സർക്കാർ ജനങ്ങളെ കൊളളയടിക്കുകയാണെന്ന് എജീസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധധർണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്ര സർക്കാർ അഞ്ച് ഇരട്ടിയാണ് എക്‌സൈസ് തീരുവ വർധിപ്പിച്ചത്. ജനങ്ങളോട് മോദി സർക്കാർ മറുപടി പറയേണ്ടി വരുമെന്നും ഇത് ജനകീയ ഹർത്താലാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സാധാരണക്കാരുടെ സർക്കാരല്ല കേന്ദ്രം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങൾക്ക് തോന്നിയ പോലെ വില വർധിപ്പിക്കുകായാണ്. നികുതി കൊളളയാണ് രാജ്യത്ത് നടക്കുന്നതെന്നും എം. എം ഹസൻ പറഞ്ഞു.

മുൻ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരൻ എം.എൽ എ, വി.എസ് ശിവകുമാർ എം.എൽ.എ, കെ.പി.സി.സി , ഡി.സി. സി ഭരാവാഹികളും ഘടകകക്ഷി നേതാക്കളും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.