പുത്തുമലയിൽ രക്ഷാപ്രവർത്തനം പതിനൊന്നാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് ആറു പേരെ

Jaihind News Bureau
Monday, August 19, 2019


പുത്തുമലയിൽ രക്ഷാപ്രവർത്തനം പതിനൊന്നാം ദിവസത്തിലേക്ക്. ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് റഡാർ സംവിധാനവും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചേക്കും.

വൻ ദുരന്തം സംഭവിച്ച പുത്തു മലയിലെ രക്ഷാപ്രവർത്തനം തുടർച്ചയായ പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് ഇനി ആറു പേരെയാണ് കണ്ടെത്താനുള്ളത്. ഇതോടെ കാണാതായ 17 പേരിൽ പതിനൊന്ന് പേരെയും കണ്ടെത്തി. ഇന്നലെ പുത്തുമലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സൂചിപ്പാറക്കടുത്ത് നിന്നും പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ കണ്ടെത്തിയ മൃതദേഹം ഇത് വരെയും തിരിച്ചറിയാനായില്ല. അണ്ണയ്യൻ എന്നയാളുടേതാണെന്ന് മൃതദേഹം എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ട് നൽകിയിരുന്നു. എന്നാൽ കാണാതായ പൊള്ളാച്ചി സ്വദേശിയുടേതാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം സംസ്കരിച്ചില്ല. ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. മൃതദേഹം വിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേ സമയം ഇന്ന് രക്ഷാപ്രവർത്താനത്തിന് റഡാർ സംവിധാനവും ഉപയോഗിച്ചേക്കും.