പുത്തുമല നിവാസികൾക്കുള്ള പുനരധിവാസ പദ്ധതി ഒരുങ്ങുന്നു; വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ ധന സഹായം പതിനായിരം രൂപ മാത്രമെന്ന് പരാതി

Jaihind News Bureau
Thursday, December 5, 2019

വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടും ഭൂമിയും നഷ്ടപ്പെട്ട പുത്തുമല നിവാസികൾക്കുള്ള പുനരധിവാസ പദ്ധതി ഒരുങ്ങുന്നു. വിവിധ സ്ഥാപനങ്ങളും വ്യക്തികളും വാങ്ങിനൽകുന്ന 8.4 ഏക്കർ സ്ഥലത്താണ് മാതൃകാ ഗ്രാമം ഒരുങ്ങുക. 56 വീടുകളുൾപ്പെടുന്ന പദ്ധതി അടുത്ത മെയ് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം വീട് പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് പതിനായിരം രൂപ മാത്രമാണ് സർക്കാർ ധന സഹായം നൽകിയത്.

പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതി ഒടുവിൽ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ചേർന്ന് യാഥാർത്ഥ്യമാക്കുകയാണ്. പുത്തുമലയ്ക്കടുത്തു തന്നെയുള്ള കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ ഏഴേക്കർ സ്ഥലത്താണ് മാതൃകാ ഗ്രാമം നിർമ്മിക്കുക. ആറര സെന്‍റ് പ്ലോട്ടിൽ 650 ചതുരശ്ര അടി വിസ്തീർണമുള്ള 56 ഒറ്റ നില വീടുകളാണ് നിർമ്മിക്കുന്നത്. ഗുണഭോക്താക്കൾക്ക് പിന്നീട് വികസിപ്പിക്കാവുന്ന രീതിയിലായിരിക്കും വീടുകളുടെ ഘടന.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് കെയർ ഫൗണ്ടേഷനാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ആർക്കിടെക്ട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ചാപ്റ്ററിനു വേണ്ടി വിനോദ് സിറിയക്കിന്‍റെ നേതൃത്വത്തിലാണ് സൗജന്യമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതും നിർമ്മാണത്തിന് മേൽ നോട്ടം വഹിക്കുന്നതും. വീടുകളുടെ നിർമ്മാണം പരിസ്ഥിതിക്കിണങ്ങുന്ന വിധത്തിലായിരിക്കും. പ്രളയാനന്തര പുനർന്നിർമ്മാണത്തിൽ മാതൃക സൃഷ്ടിക്കുന്ന വിധത്തിൽ പദ്ധതി നടപ്പാക്കാനാണു ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. പുത്തുമലയിൽ ആകെ 120 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടത്.