പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Tuesday, August 13, 2019

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. വ്യാപക മരംമുറിക്കൽ ശക്തമായ മണ്ണിടിച്ചിലിന് കാരണമായി എന്ന റിപ്പോർട്ട് മണ്ണ് സംരക്ഷണ സമിതി ജില്ലാ കലക്ടർക്ക് കൈമാറി. അതേ സമയം പുത്തുമലയിൽ അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം തുടരും. ഇന്നലെ ആരെയും കണ്ടെത്താനായില്ല .ഇനി കണ്ടെത്താനുള്ളത് എട്ട് പേരെ പേരെയെന്ന് ജില്ലാ ഭരണകൂടം.കൂടുതൽ പേരെ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ. മഴ അൽപം മാറിയതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യവും ഫയർഫോഴ്സും. ഇന്ന് കൂടുതൽ യന്ത്രങ്ങളും ജീപ്പുകളും ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. മുഖ്യമന്ത്രി ഇന്ന് ജില്ലയിലെത്തും. ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം.

പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നത് ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. മുറിച്ച മരങ്ങളുടെ വേരുകള്‍ ദ്രവിച്ചതോടെ വിടവുകളിലൂടെ വെള്ളം മണ്ണിനടിയിലെ പാറയിലേക്ക് ഒഴുകിയിറങ്ങി. കൃഷിക്കായുള്ള മണ്ണിളക്കല്‍ കൂടി നടന്നതോടെ മണ്ണിന്‍റെ ജലാഗിരണ ശേഷി വര്‍ദ്ധിച്ചു. അതിതീവ്ര മഴ പെയ്യുക കൂടി ചെയ്തതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയില്‍ നിന്ന് വേര്‍പെട്ടു. പുത്തുമല മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുത്തുമല ദുരന്തത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കാനാകില്ലെന്നും വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക.