തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച്, നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ ആഗോള റിലീസിനെത്തി. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരിൽ നിന്ന് മനസ്സിനെ സ്പർശിക്കുന്ന മനോഹര സിനിമയെന്ന അഭിപ്രായങ്ങളാണ് ഉയരുന്നത്. വ്യത്യസ്തമായ പ്രമേയവും റാമിന്റെ വേറിട്ട ആഖ്യാനശൈലിയും നിവിൻ പോളി, സൂരി, അഞ്ജലി എന്നിവരുടെ പ്രകടനങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം നിവിൻ പോളിയും സൂരിയും അഞ്ജലിയും പ്രിവ്യൂ ഷോയിൽ പങ്കെടുത്തിരുന്നു. തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ, മലയാള നടൻ അജു വർഗീസ് തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പ്രിവ്യൂവിന് എത്തിയിരുന്നു. ഇത് ചടങ്ങിന് കൂടുതൽ തിളക്കം സമ്മാനിച്ചു. ത്രില്ലർ, മിസ്റ്ററി, ഫാന്റസി, പ്രണയം, നർമ്മം, ആക്ഷൻ, വൈകാരികത തുടങ്ങി വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. പ്രേക്ഷകർക്ക് മുന്നിൽ സ്ഥിരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായൊരു ലോകമാണ് റാം ഇതിലൂടെ തുറന്നുനൽകിയിരിക്കുന്നത്.
ചിത്രത്തിൽ 8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങളും പ്രകടനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിവിൻ പോളിയും സൂരിയും ഒന്നിച്ചുള്ള രംഗങ്ങളിലെ കോമ്പിനേഷനും നർമ്മവും വൈകാരികതയും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ഒപ്പം അഞ്ജലിയുടെ കഥാപാത്രവും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സാന്നിധ്യമാണ്. ‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രം കൂടിയാണിത്.
തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. യുവൻ ശങ്കർ രാഗയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.