സംസ്ഥാനത്തെ ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 200 കോടി രൂപയും, എ.എ.വൈ വിഭാഗത്തിൽപ്പെട്ട മഞ്ഞ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണത്തിനായി 53 കോടി രൂപയും ഉൾപ്പെടെ ആകെ 253 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ പ്രത്യേക അഭ്യർത്ഥന മുൻനിർത്തി മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെട്ടതിനെ തുടർന്നാണ് തുക അനുവദിച്ചുകൊണ്ടുള്ള അടിയന്തര നടപടി.
മുൻ സർക്കാരുകളൊന്നും തന്നെ ഓണവിപണിക്കായി ഇത്രയും വലിയ തുക ഒന്നിച്ച് അനുവദിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ വകയിരുത്തിയ 315 കോടി രൂപയിൽ 20 കോടി രൂപ നേരത്തെ തന്നെ വകുപ്പിന് ലഭിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുക പൂർണ്ണമായി ചെലവഴിച്ച ശേഷം, ഓണവിപണിയിലെ ആവശ്യങ്ങൾക്കായി കൂടുതൽ തുക ആവശ്യമായി വരികയാണെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിപണി ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഉത്സവകാലത്തെ വിലക്കയറ്റം കർശനമായി നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ (Market Intervention Scheme) ഉൾപ്പെടുത്തി തുക അനുവദിക്കണമെന്ന് ഭക്ഷ്യമന്ത്രി സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സാമ്പത്തിക സഹായം സർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. പുതിയ ഫണ്ട് അനുവദിച്ചതോടെ സംസ്ഥാനത്തുടനീളം വിപുലമായ രീതിയിൽ ഓണച്ചന്തകൾ ഒരുക്കാനും സപ്ലൈകോ വഴി സബ്സിഡി സാധനങ്ങൾ കൃത്യമായി വിതരണം ചെയ്യാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.