തൃശൂര്‍: വിഷമദ്യ ദുരന്ത സാധ്യതകള്‍ തടയുന്നതിന്റെ ഭാഗമായി അന്തിക്കാട് റേഞ്ചിലെ മുഴുവന്‍ കള്ളുഷാപ്പുകളുടെയും ലൈസന്‍സ് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തു. അന്തിക്കാട് റേഞ്ചില്‍പ്പെട്ട പുറനാട്ടുകര ചന്ത കള്ളുഷാപ്പില്‍ നിന്ന് ശേഖരിച്ച കള്ളിന്റെ സാമ്പിളില്‍ അപായകരമായ ഫിനാഫ്തലീന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. സംഭവത്തില്‍ തൃശൂര്‍ കട്ടിലപൂവം സ്വദേശിയും റേഞ്ചിലെ ലൈസന്‍സിയുമായ ബിജു, ഷാപ്പ് മാനേജരും മുളങ്ങ് സ്വദേശിയുമായ രാഗിന്‍ എന്നിവര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു.
മദ്യത്തിന്റെ കാഠിന്യം കൂട്ടാനും കൃത്രിമത്വം കാണിക്കാനുമാണ് ഫിനാഫ്തലീന്‍ പോലുള്ള മാരക രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകളും എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടരുകയാണ്.
കള്ളില്‍ രാസവസ്തു; തൃശൂര്‍ അന്തിക്കാട് റേഞ്ചിലെ എല്ലാ കള്ള് ഷാപ്പുകളുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു