അരുൺ ഗോപി നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ‘കനകരാജ്യം’, ‘വീകം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പ് ഡിറ്റക്ടീവായി എത്തും. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
അന്വേഷണവും ഹാസ്യവും ഒരുപോലെ സമന്വയിപ്പിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡിറ്റക്ടീവ് കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
സായ് കുമാർ, അൽത്താഫ് സലീം, ഹരിശ്രീ അശോകൻ, സുധീഷ്, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ഷാൻ റഹ്മാൻ, ഷാജു ശ്രീധർ, റിയ ജിത്തു, ഉത്തര ഉണ്ണി, ആൽഫി പഞ്ഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തും.
അരുൺ ഗോപി, ജസ്റ്റിൻ, മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സൈമെന്റ് & ജസ്റ്റിൻ & മാത്യു എന്റർടെയ്ൻമെന്റ് ബാനറിലാണ് നിർമ്മാണം. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ, അരുൺ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
സെപ്റ്റംബർ ഏഴിന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമത്തോടെ ചിത്രീകരണത്തിന് തുടക്കമാകും.
അന്വേഷണത്തിന്റെ ഉദ്വേഗവും നർമത്തിന്റെ രസവും ഒരുമിച്ചെത്തുന്ന ഒരു ഡിറ്റക്ടീവ് കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
സൈജു കുറുപ്പ് ഡിറ്റക്ടീവായി; അരുൺ ഗോപി നിർമിക്കുന്ന പുതിയ ചിത്രം, സാഗർ സംവിധാനം ചെയ്യും