തിരുവനന്തപുരം: വിഖ്യാത പിന്നണി ഗായിക എസ്. ജാനകിയുടെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദേശഭാഷാ ഭേദമന്യേ മൂന്നു തലമുറകളെ തന്റെ അനുപമമായ നാദധാരയിൽ ആറാടിച്ച മഹാഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മലയാളികളുടെ മനസ്സിൽ അവർ എക്കാലത്തും സ്വന്തം 'ജാനകിയമ്മ' ആയിരുന്നു. മലയാളിക്ക് പ്രണയത്തിന്റേയും വിരഹത്തിന്റേയും നൈർമല്യതയുടെയും അതിമനോഹര ഭാവങ്ങൾ സമ്മാനിച്ചാണ് ജാനകിയമ്മ വിടപറയുന്നത്. ലതാ മങ്കേഷ്കർക്കൊപ്പം ഇന്ത്യൻ സിനിമാ സംഗീത ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന പ്രതിഭയായിരുന്നു അവർ. പതിറ്റാണ്ടുകളോളം സംഗീതലോകത്തെ ധന്യമാക്കിയ ആ മാസ്മരിക ശബ്ദം ഇനിയുമെത്രയോ തലമുറകളുടെ ഹൃദയങ്ങളിൽ മാറ്റൊലി കൊള്ളുമെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.