ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ 'ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്' ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയത്തിനായുള്ള ടെന്‍ഡര്‍ നടപടികളില്‍ കോടികളുടെ അഴിമതി നടന്നെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രൊഫഷണല്‍ റോബോട്ടിക് സ്‌കാനറുകള്‍ക്ക് പകരം സാധാരണ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. 18.5 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടിയ പരീക്ഷാ അട്ടിമറിയില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ മൂല്യനിര്‍ണയത്തിലെ ഗുരുതരമായ പാകപ്പിഴകള്‍ക്കെതിരെ രംഗത്തുവന്ന വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനും സിബിഎസ്ഇക്കുമെതിരെ അദ്ദേഹം കടുത്ത ആക്രമണം അഴിച്ചുവിട്ടത്. റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തില്‍' മാമ്പഴത്തെ കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ലക്ഷക്കണക്കിന് കുട്ടികളുടെ ആശങ്കകളെ കുറിച്ച് പൂര്‍ണ്ണ മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഒരു പ്രത്യേക സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ വേണ്ടി സിബിഎസ്ഇ ബോര്‍ഡ് ബോധപൂര്‍വ്വം ടെന്‍ഡര്‍ നിബന്ധനകളില്‍ മാറ്റം വരുത്തുകയായിരുന്നു എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ആദ്യ ടെന്‍ഡര്‍ പ്രകാരം കുറഞ്ഞത് 300 ഡിപിഐ (DPI) റെസല്യൂഷനുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്‌കാനറുകള്‍ ഉപയോഗിച്ച് മാത്രമേ ഉത്തരക്കടലാസുകള്‍ ഡിജിറ്റലൈസ് ചെയ്യാവൂ എന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറക്കിയ പുതിയ ടെന്‍ഡറില്‍ ഈ സുപ്രധാന സാങ്കേതിക നിബന്ധനകളെല്ലാം സിബിഎസ്ഇ ഒഴിവാക്കി നല്‍കി.
സ്‌കാനറുകളുടെ ഗുണനിലവാരവും റെസല്യൂഷനും 200 ഡിപിഐ ആയി കുറച്ചതിന്റെ അനന്തരഫലമാണ് കുട്ടികള്‍ക്ക് ലഭിച്ച മങ്ങിയ കോപ്പികളും വിട്ടുപോയ പേജുകളും. ഇത് കൃത്യമായ ആസൂത്രണത്തോടെ സ്വകാര്യ കമ്പനിക്ക് വേണ്ടി നടത്തിയ അഴിമതിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 19 വയസ്സുകാരനായ എത്തിക്കല്‍ ഹാക്കര്‍ നിസാര്‍ഗ അധികാരി സിബിഎസ്ഇയുടെ ഒഎസ്എം പോര്‍ട്ടലിലെ അതിഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പുറത്തുവിട്ടതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്‍ക്കും ഈ പോര്‍ട്ടലില്‍ കടന്നുകയറി വിദ്യാര്‍ത്ഥികളുടെ രഹസ്യ ഉത്തരക്കടലാസുകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാകുന്ന അവസ്ഥയാണുണ്ടായിരുന്നത്.
വേഗതയും സുതാര്യതയും ഉറപ്പാക്കാന്‍ സിബിഎസ്ഇ കൊണ്ടുവന്ന ഡിജിറ്റല്‍ സംവിധാനം ഇപ്പോള്‍ വലിയൊരു വിശ്വാസ്യതാ പ്രതിസന്ധിയിലാണ്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ മൂല്യനിര്‍ണ്ണയം നടത്താത്ത പേജുകളും, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്കും ലഭിച്ചെന്ന് കാണിച്ച് രാജ്യത്തുടനീളം വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ഉയരുന്നത്.
കഴിഞ്ഞ വര്‍ഷം 88.39 ശതമാനമായിരുന്ന പന്ത്രണ്ടാം ക്ലാസ് വിജയം ഇത്തവണ 85.2 ശതമാനമായി കുത്തനെ കുറയാന്‍ കാരണവും ഈ മൂല്യനിര്‍ണ്ണയ തട്ടിപ്പാണെന്ന് ആരോപിക്കപ്പെടുന്നു. ദില്ലിയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഫിസിക്‌സ് ഉത്തരക്കടലാസ് മറ്റൊരാളുടേതാണെന്ന് ബോധ്യപ്പെടുകയും പിന്നീട് സിബിഎസ്ഇക്ക് അത് തിരുത്തി നല്‍കേണ്ടി വരികയും ചെയ്തിരുന്നു. നിലവില്‍ റീ-ഇവാലുവേഷന്‍ പോര്‍ട്ടല്‍ കൂടി തുടര്‍ച്ചയായി തകരാറിലായത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.
'മാമ്പഴത്തെക്കുറിച്ച് പറയുന്ന മോദി കുട്ടികളുടെ ആശങ്ക കാണുന്നില്ല'; സിബിഎസ്ഇ മൂല്യനിര്‍ണ്ണയ അഴിമതിയില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
വേഗതയും സുതാര്യതയും ഉറപ്പാക്കാന്‍ സിബിഎസ്ഇ കൊണ്ടുവന്ന ഡിജിറ്റല്‍ സംവിധാനം ഇപ്പോള്‍ വലിയൊരു വിശ്വാസ്യതാ പ്രതിസന്ധിയിലാണ്. പരീക്ഷാ ഫലം വന്നതിന് പിന്നാലെ മൂല്യ...