കൊച്ചി: നടിയെ ആക്രമിച്ച കേസില് ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്സര് സുനിയുടെ ഹര്ജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ സമര്പ്പിച്ച അപ്പീലില് അന്തിമ തീരുമാനം വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാല്, നടന്നത് അതീവ ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണെന്നും ഇരയുടെ അന്തസ്സ് കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് പി.ജി അജിത്കുമാര് അടങ്ങിയ ബെഞ്ച് ഹര്ജി തള്ളിയത്. കേസിലെ ഒന്നാം പ്രതിയായ പള്സര് സുനിയെ വിചാരണ കോടതി 20 വര്ഷം തടവിനാണ് ശിക്ഷിച്ചിരുന്നത്.
ശിക്ഷ മരവിപ്പിച്ചാല് അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയില് വാദിച്ചു. പ്രതിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും ശക്തമായി ആവശ്യപ്പെട്ടു. പള്സര് സുനി സ്ഥിരം കുറ്റവാളിയാണെന്നും, സുപ്രീംകോടതി ജാമ്യം നല്കി പുറത്തിറങ്ങി ഒരു മാസം തികയും മുന്പ് തന്നെ മറ്റൊരു കേസില് പ്രതിയായെന്നും സര്ക്കാര് കോടതിയെ അറിയിച്ചു. നിരന്തരമായി ഹര്ജികള് നല്കി കോടതിയുടെ സമയം കളഞ്ഞതിന് മുന്പ് സുനിക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇരുപക്ഷത്തിന്റെയും വിശദമായ വാദങ്ങള് കേട്ട ശേഷമാണ് ഹൈക്കോടതി സുനിയുടെ ഹര്ജി തള്ളിയത്. പ്രതികളുടെ ശിക്ഷ വര്ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്ക്കാര് നല്കിയ അപ്പീലും നിലവില് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
നടിയെ ആക്രമിച്ച കേസ്: പള്സര് സുനി ജയിലില് തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി