Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'പാര്‍ലമെന്ററി വ്യാമോഹം ജീര്‍ണ്ണതയുണ്ടാക്കും; തെറ്റുതിരുത്തിയില്ലെങ്കില്‍ വിശ്വാസ്യത തകരും': സി.പി.എമ്മിന് മുന്നറിയിപ്പുമായി പി. ജയരാജന്

'പാര്‍ലമെന്ററി വ്യാമോഹം ജീര്‍ണ്ണതയുണ്ടാക്കും; തെറ്റുതിരുത്തിയില്ലെങ്കില്‍ വിശ്വാസ്യത തകരും': സി.പി.എമ്മിന് മുന്നറിയിപ്പുമായി പി. ജയരാജന്


കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജീര്‍ണ്ണതകളും തുറന്നുസമ്മതിച്ച് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും കടുത്ത മുന്നറിയിപ്പ് നല്‍കിയത്. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി അധികാരത്തിന്റെ ഭാഗമാകുമ്പോള്‍ പലതരത്തിലുള്ള ജീര്‍ണ്ണതകള്‍ കടന്നുകൂടുന്നത് സ്വാഭാവികമാണെന്നും, അത് ചര്‍ച്ച ചെയ്ത് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. നേരത്തെ ആരംഭിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ പാതിവഴിയില്‍ നില്‍ക്കാതെ കൂടുതല്‍ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകണം. മൂര്‍ത്തമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ മുന്നോട്ട് പോകാനാവില്ല. കമ്മ്യൂണിസ്റ്റ് അന്തഃസത്ത മുറുകെ പിടിച്ചുകൊണ്ട് മാത്രമേ ജനങ്ങളുടെ മതിപ്പ് തിരിച്ചുപിടിക്കാനാവൂ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിലെ നിരാശയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് കത്തുകള്‍ വഴിയോ പാര്‍ട്ടി വേദികളിലോ നേതൃത്വത്തെ അറിയിക്കാന്‍ തയ്യാറാകണം.

സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് അതീവ ഗൗരവമുള്ളതും അപകടകരവുമായ സാഹചര്യമാണെന്ന് ജയരാജന്‍ വിലയിരുത്തി. പത്തു വര്‍ഷത്തെ ഇടതു ഭരണത്തിന്റെ നേട്ടങ്ങളെക്കാള്‍ വലതുപക്ഷത്തിന്റെ പ്രചാരണങ്ങള്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ലഭിച്ചത്. ഇത് ഗൗരവമായി കാണണം. പ്രതിസന്ധികളെ അതിജീവിക്കാന്‍ കഠിനമായ പോരാട്ടങ്ങളും സത്യസന്ധമായ തെറ്റുതിരുത്തലുകളും അനിവാര്യമാണെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 



കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ല. പാര്‍ലമെന്റിലും നിയമസഭയ്ക്കകത്തും പാര്‍ട്ടി നടത്തുന്ന ഇടപെടലുകള്‍ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവില്‍ നോയിഡയില്‍ ഉള്‍പ്പെടെ  ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍  ശ്രമിച്ചപ്പോള്‍ അതിനെ ഇന്ത്യയിലെ കര്‍ഷകര്‍ ചെറുത്ത് തോല്‍പ്പിച്ചത് ഇടതുപക്ഷത്തിന് പാര്‍ലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ തുടര്‍ന്ന് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പാര്‍ലമെന്റിന് ഈ മൂന്ന് ബില്ലും പിന്‍വലിക്കേണ്ടിവന്നു.
അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
 കേരളം,തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ പര്‍ജയപ്പെട്ടു. ഈ മൂന്ന് സര്‍ക്കാരുകള്‍ പൊതുവില്‍ കേന്ദ്ര ബിജെപി ഗവണ്‍മെന്റിനെതിരെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നവയായിരുന്നു. അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചു. മൊത്തത്തില്‍ വലതുപക്ഷ ശക്തികള്‍ക്കാണ് മുന്നേറ്റമുണ്ടായത്. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷത്തെ തോല്പിച്ച് വലതുപക്ഷം നേടിയ വിജയത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ കോണ്‍ഗ്രസും ലീഗുമായി. പത്ത് വര്‍ഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാള്‍ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തില്‍ അധികാരത്തിന് വെളിയില്‍ നില്‍ക്കേണ്ടിവന്ന വലതുപക്ഷത്തിന് അധികാരം തിരിച്ചുപിടിക്കാനായി.
അതിനാല്‍ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ 
തീഷ്ണമായ സമരങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്.
കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണ്. അരനൂറ്റാണ്ടുകള്‍ കാലം അധികമായി ആര്‍എസ് എസ് സമൂഹത്തില്‍ നുഴഞ്ഞുകയറാന്‍ പലവിധത്തില്‍ പരിശ്രമിക്കുകയുണ്ടായി. ഇത്തരം പരിശ്രമങ്ങള്‍ക്ക് തടസം കമ്മ്യൂണിറ്റുകാരാണെന്ന അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി ആശയപരവും കായികവുമായ അഴിച്ചുവിട്ട ആക്രമണങ്ങളെല്ലാം സിപിഐ എമ്മിന് എതിരായിരുന്നു. കേരളത്തിലെ പതിമൂന്ന് ജില്ലകളിലായി 215 പാര്‍ട്ടി പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം അതിന്റെ ഫലമായിരുന്നു. ആര്‍എസ്എസ്സിന്റെ കായിക ആക്രമണങ്ങള്‍ അവര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും അവരുടെ ആശയപരമായ അധിനിവേശ ശ്രമം തുടരുകയാണ്. ഇതിനെ ആശയപരമായി ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന യഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ആ പോരാട്ടം തുടരുകതന്നെവേണം.
അതേസമയം ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതില്‍ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടും. കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും. മൂര്‍ത്തമായ അത്തരം പ്രശ്‌നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം. 
'തെറ്റുതിരുത്തല്‍ പ്രക്രിയ പാര്‍ട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയ നിരാശയില്‍ നിന്ന് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന നിലയുണ്ട്. പാര്‍ട്ടി അനുഭാവികള്‍കുള്ള അത്തരം അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കുകയാണ് വേണ്ടത്. പാര്‍ട്ടി അനുഭാവികളുടെ അത്തരം കത്തുകള്‍ ഗൗരവമായി പരിഗണിക്കുന്ന പാര്‍ടിയാണ് സിപിഐ(എം).
കയ്യൂരിന്റെയും കരിവുള്ളൂരിന്റെയും പുന്നപ്രവയലാറിന്റെയും ഉജ്വല പാരമ്പര്യമുള്ള നമ്മുടെ പാര്‍ട്ടി ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ്. വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിര്‍ത്തിക്കൊണ്ടുള്ള പോരാട്ടം തുടരും.' നാം അതിജീവിക്കുക തന്നെ ചെയ്യും.....

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം; റിപ്പോര്‍ട്ടര്‍ കമ്പനിക...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Popular News

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: ലോക്ഭവനിലേക്ക് ഇന്ന് കെ.പി.സി.സിയുടെ പ്രതിഷേധ മാര്‍ച്ച്

Save your stories

Sign in