Logo
Mon, Aug 10, 2026 • 04:32 PM
LIVE TV
Watch

No business videos available

No Middle East videos available

ഒമാൻ തീരങ്ങളിൽ നെയ്മീൻ പിടിക്കുന്നതിന് വിലക്ക്; ഓഗസ്റ്റ് 15 മുതൽ രണ്ട് മാസത്തേക്ക് നിരോധനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 10, 2026
1 min read
SHARE:
SAVE: Login to save

ഒമാൻ തീരങ്ങളിൽ നെയ്മീൻ പിടിക്കുന്നതിന് വിലക്ക്; ഓഗസ്റ്റ് 15 മുതൽ രണ്ട് മാസത്തേക്ക് നിരോധനം

മസ്കറ്റ്: ഒമാൻ തീരങ്ങളിൽ നെയ്മീൻ (കിംഗ്ഫിഷ്) പിടിക്കുന്നതിനും കൈവശം സൂക്ഷിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 15 മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. 2026 ഒക്ടോബർ 15 വരെയാണ് നിരോധനം നിലവിലുണ്ടാകുക.

നെയ്മീൻ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അക്വാട്ടിക് റിസോഴ്സ് നിയമത്തിലെ ആർട്ടിക്കിൾ 178 പ്രകാരമാണ് നടപടി. 

ഒമാനിലെ മത്സ്യബന്ധന മേഖലയിൽ ഏറ്റവും ഉയർന്ന സാമ്പത്തിക മൂല്യമുള്ള മത്സ്യ ഇനങ്ങളിലൊന്നാണ് നെയ്മീൻ. 2025ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 19,743 ടൺ നെയ്മീൻ ഉത്പാദിപ്പിച്ചു. ഇതിന്റെ വിപണി മൂല്യം ഏകദേശം 4.44 കോടി ഒമാനി റിയാൽ ആണ്. കിലോഗ്രാമിന് ശരാശരി 2.25 ഒമാനി റിയാൽ നിരക്കിലായിരുന്നു വിൽപ്പന.

ഒമാനിലെ ആകെ നെയ്മീൻ ഉത്പാദനത്തിന്റെ 83.5 ശതമാനവും അൽ വുസ്ത, തെക്കൻ അൽ ശർഖിയ ഗവർണറേറ്റുകളിൽ നിന്നാണ് ലഭിച്ചത്.

അൽ വുസ്തയിൽ നിന്ന് 8,241 ടൺ (41.74 ശതമാനം) നെയ്മീൻ ഉത്പാദിപ്പിച്ചപ്പോൾ തെക്കൻ അൽ ശർഖിയയിൽ നിന്ന് 8,239 ടൺ (41.73 ശതമാനം) ലഭിച്ചു. മറ്റ് തീരദേശ ഗവർണറേറ്റുകളിൽ നിന്നായി 3,264 ടൺ (16.53 ശതമാനം) ഉത്പാദനമാണ് രേഖപ്പെടുത്തിയത്.

നെയ്മീനുകളുടെ പ്രജനനകാലത്ത് അവയുടെ വംശവർധന ഉറപ്പാക്കുക, മത്സ്യബന്ധന സീസൺ ക്രമീകരിക്കുക, നിയമവിരുദ്ധ മത്സ്യബന്ധനം തടയുക എന്നിവയാണ് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

നിരോധന കാലയളവിൽ നെയ്മീൻ പിടിക്കുക, കൈവശം സൂക്ഷിക്കുക, കൊണ്ടുപോകുക, വാങ്ങുക, വിൽക്കുക, കയറ്റുമതി ചെയ്യുക എന്നിവയ്ക്ക് പൂർണ വിലക്കുണ്ടാകും.

നിരോധനം നിലവിൽ വരുന്നതിന് മുമ്പ് നെയ്മീൻ സ്റ്റോക്ക് കൈവശമുള്ള വ്യക്തികളും കമ്പനികളും അത് ബന്ധപ്പെട്ട അധികാരികൾക്ക് നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒമാന്റെ മത്സ്യസമ്പത്ത് ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരോധനവുമായി ബന്ധപ്പെട്ട നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. 

Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10