കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് സംഘം കുടകിൽ നിന്ന് പിടികൂടി. ആന്ധ്രയിലെ ചിറ്റൂരിലേക്ക് നേരത്തെ അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും അവിടെനിന്ന് ഇയാൾ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. മാസങ്ങളോളം താടിവെച്ച് രൂപം മാറി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
കേസിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതിയിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. വിദ്യാർത്ഥിയായ നിതിൻ രാജ് ക്ലാസ് മുറിയിൽ വെച്ച് ദാരുണമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. സഹപാഠികൾക്ക് മുന്നിൽ വെച്ച് അപമാനിതനാകുന്ന ഒരു വിദ്യാർത്ഥിയുടെ മാനസികാവസ്ഥയെക്കുറിച്ചും, ഒരു അധ്യാപകന് ഇത്തരത്തിലുള്ള ക്രൂരമായ പെരുമാറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം തികച്ചും 'മനുഷ്യത്വരഹിതമാണ്' എന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കണമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും സംഭവിച്ച കാര്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുവെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. അതേസമയം പ്രതി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണെന്ന കാര്യം സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോ. സംഗീത നമ്പ്യാർക്കു മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.