കോഴിക്കോട്: തനിക്കെതിരെയും ഭാര്യ വീണ വിജയനെതിരെയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിച്ച ആരോപണങ്ങള്‍ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കള്ളപ്രചാരണങ്ങളാണെന്ന് പി.എ. മുഹമ്മദ് റിയാസ്. ഇ.ഡിയുടേത് മുന്‍കൂട്ടി തയ്യാറാക്കിയ കൃത്യമായ തിരക്കഥയാണെന്നും ഇത്തരമൊരു മികച്ച തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കണമെന്നും റിയാസ് പരിഹസിച്ചു. ആരോപണങ്ങളെ ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് തവണ വീണയെ ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുകളെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി ചോദിച്ചിട്ടില്ലെന്ന് റിയാസ് വാദിച്ചു. പ്രധാനപ്പെട്ട തെളിവുകളാണെങ്കില്‍ ഇതാണോ പുറത്തുവിടേണ്ട രീതിയെന്നും, സിപിഎം സംസ്ഥാന സമിതി യോഗം സമാപിക്കുന്ന ദിവസം തന്നെ ഇത് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തിരഞ്ഞെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. റെയ്ഡും ചോദ്യം ചെയ്യലും നടക്കുമ്പോള്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് റിയാസ് വിമര്‍ശിച്ചു.
ഇ.ഡി ആരോപണം കള്ളപ്രചാരണം; കൃത്യമായി എഴുതി തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥയെന്ന് മുഹമ്മദ് റിയാസ്