തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ പുതിയ അധ്യയന വർഷത്തെ ഇൻഡക്ഷൻ പ്രോഗ്രാം “സീറോ ടു വൺ @ കെ.റ്റി.യു 2026 – ഫ്രം ലേണർ ടു എഞ്ചിനീയർ” (Zero2One @KTU 2026) ആഗസ്റ്റ് 14 വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 11-ന് ഫിസാറ്റ് ഗ്രീൻഫീൽഡിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം നിർവ്വഹിക്കും.
എഞ്ചിനീയറിംഗ് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അക്കാദമിക് അന്തരീക്ഷവും സർവകലാശാലാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിനും, പുതിയ മേഖലയിലെ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനുമാണ് ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളിൽ ഗവേഷണ താൽപ്പര്യവും നൂതന സാങ്കേതികവിദ്യാ ബോധവും വളർത്തിയെടുത്ത് മികവുറ്റ എഞ്ചിനീയർമാരാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. കെ.ടി.യു വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.