പാലക്കാട്: എസ്എസ്എല്സി പരീക്ഷയില് ഉന്നത വിജയം നേടിയ വിദ്യാര്ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില് മുന് മന്ത്രി കെ.ടി ജലീല് കുട്ടികളെ പരസ്യമായി ശാസിക്കുകയും അപമാനിക്കുകയും ചെയ്തതായി പരാതി. മണ്ണാര്ക്കാട് നഗരസഭയിലെ 19, 20, 22 വാര്ഡുകള് സംയുക്തമായി സംഘടിപ്പിച്ച 'വിജയോത്സവം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം.
ഹിന്ദിയില് എ പ്ലസ് നേടിയ വിദ്യാര്ത്ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും, അതിലുണ്ടായ അക്ഷരത്തെറ്റുകളുടെ പേരില് കുട്ടികളെ പരസ്യമായി ശാസിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള് ഇപ്പോള് പുറത്തുവന്നിട്ടുണ്ട്. സദസ്സിലിരുന്ന ഒരു വിദ്യാര്ത്ഥിയോട് 'എടോ, നിനക്ക് അഡ്രസ് എഴുതാന് അറിയോ?' എന്ന് ജലീല് മൈക്കിലൂടെ പരസ്യമായി ചോദിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്ന്ന് ഹിന്ദിയില് എ പ്ലസ് വാങ്ങിയ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും മേല്വിലാസവും ഹിന്ദിയില് എഴുതാന് ആവശ്യപ്പെട്ടു.
കുട്ടികള് എഴുതിയതില് ചില തെറ്റുകള് കണ്ടതോടെ പരസ്യമായി തിരുത്തുകയും ശാസിക്കുകയുമായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ ചെവിയില് ജലീല് നുള്ളുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 'സംസം' എന്നാല് എന്താണ് അര്ത്ഥം?, 'പാത്തുമ്മയുടെ ആടില്' എന്തിനെക്കുറിച്ചാണ് പറയുന്നത്? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം കുട്ടികളോട് ചോദിച്ചു. തുടര്ന്ന് വായനാശീലം വളര്ത്തണമെന്നും മൊബൈല് ഫോണ് ഉപയോഗം അറിവ് വര്ദ്ധിപ്പിക്കാന് മാത്രമായിരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
ഉന്നത വിജയം നേടി അനുമോദനം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്ത്ഥികളെ വേദിയില് വെച്ച് പരസ്യമായി അപമാനിച്ച മുന് മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എംഎസ്എഫ് രംഗത്തെത്തി. കെ.ടി ജലീലിനെതിരെ ബാലാവകാശ ലംഘനത്തിന് കേസെടുക്കണമെന്ന് എംഎസ്എഫ് പാലക്കാട് ജില്ലാ ജനറല് സെക്രട്ടറി അമീന് റാഷിദ് ആവശ്യപ്പെട്ടു. വിദ്യാര്ത്ഥികളെ മാനസികമായി തളര്ത്തുന്ന രീതിയില് പരസ്യമായി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്നും, കുട്ടിയെ കായികമായി ഉപദ്രവിച്ചത് ഗുരുതരമായ ബാലാവകാശ ലംഘനമാണെന്നും എംഎസ്എഫ് നേതൃത്വം വ്യക്തമാക്കി.
'എന്താടോ, നിനക്ക് അഡ്രസ് എഴുതാന് അറിയോ?, അക്ഷരമറിയില്ലേ'... അനുമോദന ചടങ്ങില് കുട്ടികളെ വേദിയില് അപമാനിച്ച് കെ.ടി. ജലീൽ