യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കമായി. കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലുകളിലും പൊതുസ്ഥലങ്ങളിലും സാനിറ്ററി നാപ്കിന് വിതരണ യന്ത്രങ്ങളും സംസ്കരണ സംവിധാനങ്ങളും സ്ഥാപിക്കുന്ന പദ്ധതി തമ്പാനൂരില്‍ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 'വനിതകളുടെ യാത്രയും ആര്‍ത്തവ ആവശ്യങ്ങളും' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലില്‍ വച്ച് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിര്‍വഹിച്ചു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലുകള്‍, ഡിപ്പോകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാനിറ്ററി നാപ്കിന് വിതരണ യന്ത്രങ്ങളും, ഉപയോഗിച്ച നാപ്കിനുകള്‍ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനുള്ള ഇന്‍സിനറേറ്ററുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
ആദ്യഘട്ടത്തില്‍ പാലക്കാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ അടിയന്തരമായി ആവശ്യമായി വരുന്ന സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനൊപ്പം, സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായും സുരക്ഷിതമായും യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആര്‍ത്തവദിനങ്ങളിലെ യാത്രാദുരിതത്തിന് വിട: കെ.എസ്.ആര്.ടി.സിയുടെ മാതൃകാപരമായ മുന്നേറ്റം; 'WOMN' പദ്ധതിക്ക് തുടക്കമായി