തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു. അപകട സാധ്യത മുന്‍കൂട്ടി അറിയാനുള്ള കഴിവ് പരിശോധിക്കുന്ന 'ഹസാര്‍ഡ് ടെസ്റ്റ്' ആണ് ലേണേഴ്സ് ലൈസന്‍സ് ലഭിച്ച ശേഷം പുതുതായി നടത്തുക. റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണ് ഈ പുതിയ പരിഷ്‌കാരമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ പുതിയ പരീക്ഷ നിലവില്‍ വരും.
ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞാല്‍ ഒരു മാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്, പിന്നീട് റോഡ് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു നിലവിലുള്ള രീതി. പുതിയ പരീക്ഷ കൂടി വരുന്നതോടെ ലൈസന്‍സ് ലഭിക്കുകയെന്നത് കുറച്ചുകൂടി പ്രയാസകരമാകും. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞായിരിക്കും ഹസാര്‍ഡ് ടെസ്റ്റ് നടക്കുക. വീഡിയോ ഗെയിം മാതൃകയിലായിരിക്കും ഈ പരീക്ഷ. ഇതില്‍ ആകെ പത്ത് വീഡിയോകള്‍ ഉണ്ടാകും. വീഡിയോ പ്ലേ ചെയ്യുന്നതിനിടെ ചില സമയങ്ങളില്‍ മുന്നിലുണ്ടാകുന്ന അപകടങ്ങളെ എങ്ങനെ മറികടക്കും എന്നതാണ് പരീക്ഷിക്കുന്നത്. പത്ത് വീഡിയോ വിജയിച്ചാല്‍ 100 മാര്‍ക്ക് കിട്ടും. ഹസാര്‍ഡ് ടെസ്റ്റ് പാസാകാന്‍ മിനിമം 60 മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് 'ഹസാര്‍ഡ് ടെസ്റ്റ്': പുതിയ പരീക്ഷ ഡിസംബര്‍ 1 മുതൽ