സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കാനുമാണ് ആരോഗ്യ വകുപ്പ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് നിലവിലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിച്ച് ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തുടനീളം ഇത് പൂർണ്ണമായി പ്രാബല്യത്തിൽ വരുത്തും. പദ്ധതിയുടെ ഏകോപനത്തിനായി എ.ജി.എച്ച്.എസ് ഡോ. ഷിനു കെ. എസ്സിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
സർജറി, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നീ പ്രധാന അഞ്ച് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനമാണ് മുഴുവൻ സമയവും ലഭ്യമാക്കുക. സാധാരണ ഒ.പി സമയത്തിന് ശേഷവും രാത്രികാലങ്ങളിലും ഈ വിഭാഗങ്ങളിലെ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറെങ്കിലും ആശുപത്രിയിലുണ്ടാകും. ഇതിനുപുറമെ, തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബ് (Cath Lab) സൗകര്യവും സജ്ജമാക്കും.