'വീഴ്ചകൾ വെള്ളപൂശരുത്, തെറ്റ് സമ്മതിച്ച് സിസ്റ്റം നന്നാക്കൂ'; വണ്ടാനം മെഡിക്കൽ കോളേജ് സംഭവത്തിൽ കെ.സി. വേണുഗോപാൽ

വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരമായ പിഴവിൽ സർക്കാർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഷ ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിസ്റ്റം നന്നാകണമെങ്കിൽ വീഴ്ചകൾ അംഗീകരിക്കാനുള്ള ആർജ്ജവം സർക്കാർ കാട്ടണമെന്നും അന്വേഷണ റിപ്പോർട്ടുകൾ പലപ്പോഴും കുറ്റക്കാരെ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയറ്റിൽ മറന്നുവെച്ച ശസ്ത്രക്രിയ ഉപകരണം നീക്കം ചെയ്തെങ്കിലും ഉഷ ജോസഫ് ഇപ്പോഴും വലിയ മാനസികാഘാതത്തിലാണ്. ഇത്ര വലിയ വീഴ്ച സംഭവിച്ചിട്ടും അതിനെ 'ഒറ്റപ്പെട്ട സംഭവം' എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാൻ സർക്കാരിന് കഴിയില്ല. സ്ത്രീയായതിനാലാണ് ഡോക്ടർ വേട്ടയാടപ്പെടുന്നത് എന്ന സർക്കാരിന്റെ വാദം തള്ളിയ അദ്ദേഹം, ഇരകളായ ഉഷയും ഹർഷീനയുമൊക്കെ സ്ത്രീകളാണെന്നത് ഭരണകൂടം മറക്കരുതെന്നും ഓർമ്മിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലായാലും സർക്കാർ ആശുപത്രികളിലായാലും വീഴ്ചയുണ്ടായാൽ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശസ്ത്രക്രിയയ്ക്ക് ശേഷം അമൃത ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന ഉഷ ജോസഫിനെ വൈകുന്നേരത്തോടെ മുറിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണ്. വൈകാതെ തന്നെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ബന്ധപ്പെട്ട മന്ത്രിയെ സംരക്ഷിക്കുന്നതിന് വേണ്ടി തന്ത്രിയെ മനഃപൂർവ്വം കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. തന്ത്രിക്കെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞിട്ടും വിധി തെറ്റാണെന്ന് മന്ത്രി പി. രാജീവ് പറയുന്നത് സംശയങ്ങൾ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.