തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില് ആദ്യമായി ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ജയിലിനുള്ളില് നടക്കുന്നു. തിരുവനന്തപുരം കോര്പ്പറേഷനിലെ വാര്ഡ് 20-ല് നിന്നുള്ള ബിജെപി കൗണ്സിലര് ആര്. സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് വിയ്യൂര് സെന്ട്രല് ജയിലിലെ സൂപ്രണ്ട് ഓഫീസില് വെച്ച് നടത്താന് ഹൈക്കോടതി ഉത്തരവിട്ടു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്ത്തകര്ക്ക് ചടങ്ങില് പങ്കെടുക്കാന് അനുമതിയുണ്ടാകും.
നേരത്തെ, ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരില് പ്രതിജ്ഞ ചൊല്ലിയതിനെ തുടര്ന്ന് സുഗതന് ഉള്പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. കാപ്പ കേസില് ഉള്പ്പെട്ടതിനാല് സത്യപ്രതിജ്ഞയ്ക്കായി തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല് സുഗതനെ ജാമ്യത്തില് വിട്ടയക്കുന്നതിനെ സര്ക്കാര് ശക്തമായി എതിര്ത്തു. സുഗതന് നിലവില് കരുതല് തടങ്കലിലാണെന്നും, ഭരണഘടനാപരമായ നിയമങ്ങള് അനുസരിച്ച് കരുതല് തടങ്കലിലുള്ളവരെ പുറത്തുവിടാന് കഴിയില്ലെന്നും സര്ക്കാര് കോടതിയെ അറിയിച്ചു. നിലവിലുടലെടുത്തിരിക്കുന്നത് തികച്ചും അസാധാരണമായ സാഹചര്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജയിലില് വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമപരമായ വിലക്കുകളില്ലെന്നും, പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെയുള്ള മറ്റ് കേസുകളില് സുഗതന് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഈ മാസം 14-ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജാമ്യം അനുവദിച്ചിരുന്നു. എന്നാല് കാപ്പ കേസ് നിലവിലുള്ളതിനാല് ഹൈക്കോടതിയുടെ പ്രത്യേക ഇളവ് ഇല്ലാതെ പുറത്തിറങ്ങാന് കഴിയുമായിരുന്നില്ല. തുടര്ച്ചയായി മൂന്ന് കൗണ്സില് യോഗങ്ങളില് പങ്കെടുക്കാതിരുന്നാല് കൗണ്സിലര് സ്ഥാനം നഷ്ടപ്പെടുമെന്ന നിയമം നിലനില്ക്കെ, ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്യേണ്ടത് സുഗതന് അനിവാര്യമായിരുന്നു.
സംസ്ഥാന ചരിത്രത്തില് ആദ്യം; ബിജെപി കൗണ്സിലര് ആര്. സുഗതന്റെ സത്യപ്രതിജ്ഞ ജയിലില് നടത്താന് ഹൈക്കോടതി ഉത്തരവ്