നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച വിവാദ 'രക്ഷാപ്രവര്‍ത്തന' കേസിലെ പ്രതികളായ അഞ്ച് പേരും ഒളിവിലെന്ന് പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ നിന്നാണ് പ്രതികള്‍ മുങ്ങിയതെന്നാണ് വിവരം. അഞ്ച് പേരുടെയും മൊബൈല്‍ ഫോണുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ പ്രതികൾക്ക് നോട്ടീസ് നൽകാതെ തന്നെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് സാധിക്കും. ഇതോടെയാണ് പ്രതികൾ ഒളിവിൽ പോയത്. പ്രതികൾക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം, പ്രതികളിൽ മൂന്ന് പേരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അനിൽ കല്ലിയൂർ, എസ്. സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിച്ചിരിക്കുന്നത്.