കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമ്മിച്ച് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച പ്രതിയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളിയേരി നാറാത്ത് സ്വദേശിയായ കരുണൻ ചാലിനെയാണ് പോലീസ് പിടികൂടിയത്. കേസിന്റെ ഭാഗമായി ഇയാളുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉള്ളിയേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
നവമാധ്യമങ്ങളിലൂടെ കൃത്രിമമായി നിർമ്മിച്ച എഐ (Artificial Intelligence) ഫോട്ടോ പ്രദർശിപ്പിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും, നാട്ടിൽ ബോധപൂർവ്വം രാഷ്ട്രീയ സ്പർദ്ധ വളർത്താനും ഇയാൾ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, സൈബർ സെൽ എന്നിവർക്കും പരാതി നൽകിയിരുന്നു. ഭാരതീയ ന്യായ സംഹിത (BNS) 192, കേരള പോലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.