ചെന്നൈ: രാജ്യത്തെ പ്രധാന മുട്ട ഉത്പാദന കേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിലെ നാമക്കലിൽ കോഴിമുട്ടവില റെക്കോർഡ് ഉയരത്തിൽ. നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി (എൻ.ഇ.സി.സി.) നിശ്ചയിച്ച വില പ്രകാരം ഒരു മുട്ടയ്ക്ക് 6.65 രൂപയായി. നാമക്കലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മുട്ടവിലയാണിതെന്ന് അധികൃതർ അറിയിച്ചു.
വിലവർധനയുടെ പശ്ചാത്തലത്തിൽ ചില്ലറ വിപണിയിൽ ഒരു മുട്ടയുടെ വില എട്ട് രൂപ കടന്നിരിക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ മുട്ടവില ഉടൻ തന്നെ ഒൻപത് രൂപയിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.നാമക്കലിൽ ഇതിനു മുൻപ് ഏറ്റവും ഉയർന്ന മുട്ടവില രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷം ഡിസംബർ 23നായിരുന്നു. അന്ന് ഒരു മുട്ടയ്ക്ക് 6.40 രൂപയായിരുന്നു വില. പിന്നീട് വിലയിൽ കുറവുണ്ടായെങ്കിലും ഈ വർഷം ജൂൺ ആദ്യത്തോടെ വീണ്ടും വർധനവ് ആരംഭിച്ചു.
ജൂൺ ഒന്നിന് 5.70 രൂപയായിരുന്ന മുട്ടവില, ചെറിയ ഇടവേളകളിലായി വർധിച്ച് ജൂൺ 17ന് 6.45 രൂപയിലെത്തി. തുടർന്ന് ജൂൺ 26ന് 6.50 രൂപയായും ജൂലൈ 10ന് 6.55 രൂപയായും ഉയർന്നു. കഴിഞ്ഞ ഞായറാഴ്ച വീണ്ടും 10 പൈസ വർധിച്ചതോടെയാണ് വില 6.65 രൂപയിലെത്തിയത്. ഉത്പാദനം കുറഞ്ഞതും വിപണിയിലെ ആവശ്യകത വർധിച്ചതുമാണ് മുട്ടവില ഉയരാൻ പ്രധാന കാരണമെന്ന് കോഴിഫാം ഉടമകൾ പറയുന്നു. ആവശ്യകത ഇനിയും ഉയരുകയും അതനുസരിച്ച് ഉത്പാദനം വർധിക്കാതിരിക്കുകയും ചെയ്താൽ വില വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഉത്പാദന നിലയും വിപണിയിലെ ആവശ്യകതയും പരിഗണിച്ചാണ് എൻ.ഇ.സി.സി. മുട്ടവില നിശ്ചയിക്കുന്നത്. നാമക്കലിൽ ഏകദേശം 1,100 കോഴിഫാമുകളിലായി പ്രതിദിനം ആറുകോടിയോളം മുട്ടകളാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശ വിപണികളിലേക്കും എത്തിക്കുന്നതിനൊപ്പം സർക്കാർ ഉച്ചഭക്ഷണ പദ്ധതികൾക്കും ഇവിടെനിന്ന് വലിയ തോതിൽ മുട്ട വിതരണം ചെയ്യുന്നുണ്ട്.