ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് രണ്ടാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. കൂടുതൽ വിപുലമായ റിലീസ് ഒരുക്കുന്നതിനായാണ് തീയതി മാറ്റിയതെന്ന് ദുൽഖർ സൽമാൻ അറിയിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കൂടുതൽ രാജ്യങ്ങളിലേക്കും വിപണികളിലേക്കും ചിത്രം എത്തിക്കാനും കൂടുതൽ പ്രേക്ഷകർക്ക് തിയറ്റർ അനുഭവം ഒരുക്കാനുമാണ് റിലീസ് മാറ്റിയതെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിക്കുന്ന ‘ഐ ആം ഗെയിം’, ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചത്.
മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് അതിന്റെ വലുപ്പത്തിനും പ്രതീക്ഷകൾക്കും അനുയോജ്യമായ ആഗോള റിലീസ് ഉറപ്പാക്കുന്നതിനാണ് തീയതി മാറ്റിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിനും ആദ്യ ഗാനത്തിനും ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്തിറങ്ങിയ ട്രെയ്‌ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
വമ്പൻ ആക്ഷൻ രംഗങ്ങളും ചേസ് സീക്വൻസുകളും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ വലിയ തിയറ്റർ അനുഭവത്തിന്റെ സൂചനയാണ് നൽകുന്നത്. സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. ജേക്സ് ബിജോയ് ഒരുക്കുന്ന സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. ദുൽഖർ സൽമാന്റെ 40-ാം ചിത്രമായ ‘ഐ ആം ഗെയിമിൽ’ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രമാണിത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവഹിക്കുന്നു. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മഷർ ഹംസ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സ് കണ്ണൻ ഗണപത് എന്നിവരാണ് നിർവഹിക്കുന്നത്. സീ മ്യൂസിക്കിനാണ് ചിത്രത്തിന്റെ സംഗീതാവകാശം.