തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'ക്കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് ഡിജിപി വിശദീകരണം തേടും. പുതിയ അന്വേഷണ റിപ്പോർട്ട് പ്രത്യേക സംഘം ഇന്നലെ സമർപ്പിച്ചിരുന്നു. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചാലുടൻ ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറും.
ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച മുമ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൂടുതൽ വ്യക്തത തേടി കഴിഞ്ഞ ദിവസം ഡിജിപി റവാഡ എ.ചന്ദ്രശേഖർ മടക്കിയിരുന്നു. കൂടുതൽ വ്യക്തത വരുത്തിയ റിപ്പോർട്ടാണ് ഇന്നലെ വൈകിട്ട് സമർപ്പിച്ചത്.
അജിത്കുമാറിന് ഡിജിപി റാങ്കിൽ സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെ കേസില് വേഗത്തില് നടപടി വേണമെന്നാണ് ഗണ്മാന്മാരുടെ മർദ്ദനത്തിനിരയായ എ.ഡി.തോമസ് എംഎൽഎയുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിന്റെയും ആവശ്യം.
കേസ് ഡയറി തിരുത്തിയതിൽ അടക്കം അജിത്കുമാറിന്റെ ഇടപെടൽ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുതുക്കിയ റിപ്പോർട്ടിലുണ്ടെന്നാണു വിവരം. ഡിജിപി ആഭ്യന്തര വകുപ്പിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.