Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ കടുംവെട്ട്: ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ അമര്‍ഷം

സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ കടുംവെട്ട്: ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ അമര്‍ഷം

കോഴിക്കോട്: തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ വീഴ്ചകളും അവലോകനം ചെയ്യുന്നതിനായി കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ തന്നെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തിയതാണ് പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. നേതൃത്വത്തിനെതിരെ ഉയരാന്‍ സാധ്യതയുള്ള കടുത്ത വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് ഈ വിചിത്ര നടപടിയെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍.  

കരട് റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചതില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍ എന്നിവരുള്‍പ്പെടെയുള്ള സംസ്ഥാന നേതൃനിര ലക്ഷ്യമിട്ട് വിമര്‍ശനങ്ങള്‍ ഉയരുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ മാറ്റിനിര്‍ത്തലിന് പിന്നിലെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം നേതാക്കളും നേതൃമാറ്റവും തിരുത്തല്‍ നടപടികളും ആവശ്യപ്പെടുന്നവരായതിനാല്‍, അവരെ മാറ്റിനിര്‍ത്തുന്നതിലൂടെ വിമര്‍ശനശബ്ദങ്ങള്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്താമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. 

പുതിയ ഉത്തരവ് പ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും വര്‍ഗ്ഗ-ബഹുജന സംഘടനാ പ്രതിനിധികള്‍ക്കും മാത്രമാണ് റിപ്പോര്‍ട്ടില്‍ സംസാരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് നേരത്തെ സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണെന്ന വാദം ചൂണ്ടിക്കാട്ടിയാണ് ഈ വിലക്ക്. പാര്‍ട്ടിയില്‍ ഒരിക്കല്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് വീണ്ടും അതേ സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന കീഴ്വഴക്കമാണ് നേതൃത്വം ഇതിനായി മുന്നോട്ടുവെക്കുന്നത്.

എന്നാല്‍, തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തുറന്ന ചര്‍ച്ചയ്ക്കും നിര്‍ദ്ദാക്ഷിണ്യമുള്ള സ്വയംവിമര്‍ശനത്തിനും തയ്യാറാകണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബി നിര്‍ദ്ദേശിച്ചിട്ടും, അത് അവഗണിച്ച് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ വലിയ പ്രതിഷേധമുണ്ട്. സംസ്ഥാന സമിതിയെ ഒഴിവാക്കാനായിരുന്നെങ്കില്‍, സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് നേരിട്ട് വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചാല്‍ പോരായിരുന്നോ എന്നാണ് സംസ്ഥാന സമിതിയിലെ ഒരുവിഭാഗം നേതാക്കള്‍ പ്രകോപിതരായി ചോദിക്കുന്നത്. ചര്‍ച്ചകള്‍ക്ക് തടയിടാനുള്ള നേതൃത്വത്തിന്റെ നീക്കം വിശാല സമിതി യോഗത്തെ കൂടുതല്‍ അസംതൃപ്തിയിലേക്കും കലുഷിതാന്തരീക്ഷത്തിലേക്കും നയിച്ചേക്കും.  

Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ 'ജനാധിപത്...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in