തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ പാര്‍ട്ടിക്ക് സംഭവിച്ച പിഴവുകളാണോ അതോ ജനങ്ങളുടെ നിലപാടാണോ എന്നതില്‍ വ്യക്തമായ തീര്‍പ്പുകല്‍പ്പിക്കാതെ, വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നല്‍കി. തളിപ്പറമ്പ്, പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പ്രാദേശിക വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, പാര്‍ട്ടി വോട്ടുകള്‍ കൂട്ടത്തോടെ ചോര്‍ന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂരിലെ പൊതുയോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗങ്ങളില്‍ ജനങ്ങള്‍ക്ക് വീഴ്ച പറ്റി എന്ന തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ന്യായീകരിച്ചിരുന്നെങ്കിലും, വിശാല സംസ്ഥാന സമിതിയിലേക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ഭാഗങ്ങള്‍ ഒഴിവാക്കിയത് ശ്രദ്ധേയമാണ്. ജനങ്ങളെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടിനോട് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഭരണത്തില്‍ കൃത്യമായ രാഷ്ട്രീയ നിയന്ത്രണവും നിരീക്ഷണവും കൊണ്ടുവരുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റി എന്ന കേന്ദ്രകമ്മിറ്റിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നേതൃത്വത്തിനുള്ളില്‍ ഭിന്നത രൂക്ഷമായത്.
കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. യോഗത്തിലെ ചര്‍ച്ചകളും വിവരങ്ങളും മാധ്യമങ്ങളിലേക്ക് ചോരാതിരിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. പങ്കെടുക്കുന്ന നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ വരെ ശേഖരിക്കുമെന്ന അനൗദ്യോഗിക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സി.പി.എം. വിശാല സംസ്ഥാനസമിതി: പിണറായിയുടെ വാദം തള്ളി സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്; 'ജനങ്ങള്‍ക്ക് തെറ്റുപറ്റി' എന്ന നിലപാട് റിപ്പോര്‍ട്ടിലില്ല