'പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയെ ബാധിക്കില്ലെന്ന ഉറപ്പ് എവിടെ'?; മോദി സർക്കാരിന്റെ വിദേശനയം പരാജയമെന്ന് മല്ലികാർജുൻ ഖാർഗെ

ആഭ്യന്തര പാചകവാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയ പരാജയത്തിന്റെ ഫലമാണ് സാധാരണക്കാർ അനുഭവിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഊർജ്ജവില വർദ്ധിച്ച സാഹചര്യത്തിലാണ് ഗാർഹിക സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു.
അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന സർക്കാർ, ഇപ്പോൾ വില കൂടുമ്പോൾ ആ ഭാരം സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ 'എല്ലാം ശുഭകരമാണ്' (സബ് ചംഗാ സി) എന്ന് അവകാശപ്പെടുന്ന സർക്കാർ, ഗ്യാസും വളവും ഉറപ്പാക്കുന്ന കാര്യത്തിൽ നിസ്സഹായരാകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കില്ലെന്ന മുൻപത്തെ ഉറപ്പുകൾ എവിടെപ്പോയെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദിച്ചു. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം അവർ ഓർമ്മിപ്പിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ റഷ്യൻ, ചൈനീസ് കപ്പലുകൾക്ക് മാത്രം പ്രവേശനം ലഭിക്കുമ്പോൾ ഇന്ത്യക്ക് അത് സാധിക്കാത്തത് വിദേശനയത്തിന്റെ പരാജയമാണെന്നും അവർ ആരോപിച്ചു.
പാചകവാതക വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ മഹിളാ കോൺഗ്രസ് വലിയ പ്രതിഷേധ റാലി നടത്തി. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണ കുടുംബങ്ങളെ ഈ തീരുമാനം കൂടുതൽ ദുരിതത്തിലാക്കുമെന്ന് അവർ കുറ്റപ്പെടുത്തി. അതേസമയം, പെട്രോൾ-ഡീസൽ വില വർദ്ധിപ്പിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.