തിരുവനന്തപുരം: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാരുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അനുശോചനം രേഖപ്പെടുത്തി. പതിറ്റാണ്ടുകളോളം ഇസ്ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗങ്ങളില്‍ സജീവമായി നിലകൊണ്ട അബ്ദുറഹീം മുസ്ലിയാര്‍ ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹാനായ ഗുരുവര്യനായിരുന്നുവെന്ന് അദ്ദേഹം സ്മരിച്ചു. മത-സാമൂഹിക മേഖലകളില്‍ ഒരുപോലെ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ സൗമ്യമായ വ്യക്തിത്വവും സമുദായ ഐക്യത്തിനായുള്ള ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നു. മികച്ചൊരു സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും, കുടുംബാംഗങ്ങളുടെയും ശിഷ്യഗണങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാരുടെ വിയോഗം സമുദായത്തിനും സമൂഹത്തിനും വലിയ നഷ്ടം; അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ