പാലക്കാട്: അനുമോദന ചടങ്ങില് വെച്ച് വിദ്യാര്ത്ഥികളോട് മോശമായി പെരുമാറിയ സംഭവത്തില് മുന് മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് കമ്മീഷന് ചെയര്പേഴ്സണ് കെ.വി. മനോജ് കുമാറാണ് കേസെടുക്കാന് ഉത്തരവിട്ടത്.
പാലക്കാട് മണ്ണാര്ക്കാട് നഗരസഭയിലെ വിവിധ വാര്ഡുകളില് എസ്എസ്എല്സി പരീക്ഷയില് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിവാദ സംഭവം. പരിപാടിയില് പങ്കെടുക്കാനെത്തിയ കുട്ടികള്ക്ക് കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്ന തരത്തിലാണ് മുന് മന്ത്രി പെരുമാറിയതെന്ന് കമ്മീഷന് വിലയിരുത്തി.
അനുമോദന ചടങ്ങില് പങ്കെടുത്ത കുട്ടികളോട് 'നിനക്ക് അക്ഷരം അറിയില്ലേ' എന്ന് മൈക്കിലൂടെ പരസ്യമായി ചോദിക്കുന്നതും, ഹിന്ദിയില് മേല്വിലാസം എഴുതിയപ്പോള് തെറ്റിയെന്ന പേരില് കുട്ടിയെ സ്റ്റേജില് വിളിച്ചുവരുത്തി ചെവിയില് നുള്ളുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്ച്ചയായതിനെ തുടര്ന്ന് മുന് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.
വിദ്യാര്ത്ഥികളെ വേദിയില് അപമാനിച്ച സംഭവം: മുന്മന്ത്രി കെ.ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു