കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത അക്രമസംഭവങ്ങളെക്കുറിച്ചും, അത് തടയുന്നതിൽ പോലീസിന് സംഭവിച്ച ഗുരുതരമായ വീഴ്ചയെക്കുറിച്ചും അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. 2024 നവംബർ 16-ന് നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ചുമതല മെഡിക്കൽ കോളജ് പോലീസിനായിരുന്നുവെങ്കിലും, സംഘർഷം തടയുന്നതിൽ അന്നത്തെ മെഡിക്കൽ കോളജ് എസിപി അടക്കമുള്ള ഉദ്യോഗസ്ഥർ വലിയ വീഴ്ച വരുത്തിയെന്നാണ് ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതിയിൽ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് സിപിഎം പ്രവർത്തകർ അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചതായി കോഴിക്കോട് എംപി എം.കെ. രാഘവനും ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിരുന്നു. വോട്ടർമാരെ തടഞ്ഞുവെച്ചും കള്ളവോട്ട് രേഖപ്പെടുത്തിയും ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. ഉയർന്നുവന്ന പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് പ്രത്യേക സംഘത്തെ നിയോഗിച്ച് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി തലത്തിൽ അടിയന്തര നിർദേശം നൽകിയിരിക്കുന്നത്.