തൊടുപുഴ: ഇത്തവണത്തെ ഓണക്കാലത്ത് കൃഷിവകുപ്പിന്റെ ശക്തമായ വിപണി ഇടപെടല്‍ മൂലം സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചതായി കൃഷിമന്ത്രി ടി. സിദ്ധിഖ് പറഞ്ഞു. സിവില്‍ സപ്ലൈസിന് പുറമെ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം ഓണച്ചന്തകള്‍ വിജയകരമായി സംഘടിപ്പിച്ചു. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ സംഭരിച്ച വകയില്‍ 13 കോടി രൂപ വിതരണം ചെയ്തതായും തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം കൃഷിവകുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതിസന്ധികളാണ് നിലനിന്നിരുന്നത്. പച്ചക്കറി കര്‍ഷകര്‍ക്ക് വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ് എന്നിവ വഴി സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ കുടിശിക തീര്‍പ്പാക്കലും ഓണക്കാലത്തെ സംഭരണവുമായിരുന്നു ഇതില്‍ ആദ്യത്തേത്. ഈ കുടിശിക മുഴുവന്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മന്ത്രി വ്യക്തമാക്കി.
നെല്‍ക്കര്‍ഷകരുടെ കുടിശിക തുക വിതരണം ചെയ്യുകയായിരുന്നു രണ്ടാമത്തെ വെല്ലുവിളി. ഇതിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും കര്‍ഷകരുടെ മുഴുവന്‍ കുടിശികയും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള തുക കൂടി വാങ്ങിയെടുത്തു കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനം മൂലവും ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കാത്തതിനാലും ബുദ്ധിമുട്ടനുഭവിക്കുന്ന ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറി മേഖലകളായ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നും അവിടുത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.
വിപണി ഇടപെടലിലൂടെ ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി: കൃഷിമന്ത്രി ടി. സിദ്ധിഖ്