ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ദ കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് ഇന്നത്തെ ലോക്സഭാ അജണ്ടയിൽ വ്യക്തമാക്കുന്നത്.
ലോക്സഭ കാര്യോപദേശക സമിതി ഇന്ന് ചേരുന്ന യോഗത്തിൽ ബിൽ സഭയിൽ ചർച്ച ചെയ്യുന്നതിനുള്ള സമയക്രമം തീരുമാനിക്കും.ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഭേദഗതികളില്ലാതെയാണ് നിയമസഭ അംഗീകരിച്ചത്.
കേരള നിയമസഭയുടെ ആവശ്യം പരിഗണിച്ച കേന്ദ്രമന്ത്രിസഭ ഈ വർഷം ഫെബ്രുവരിയിൽ സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള നിർദേശത്തിന് അംഗീകാരം നൽകി. ഇതിന് പിന്നാലെയാണ് പേരുമാറ്റത്തിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.അതേസമയം, 2023 ഓഗസ്റ്റിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം പ്രമേയം മടക്കി അയച്ചു. തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ വീണ്ടും പാസാക്കി കേന്ദ്രത്തിന് സമർപ്പിക്കുകയായിരുന്നു.
പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാകും.
‘കേരള’ ഇനി ‘കേരളം’; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബിൽ ഇന്ന് ലോക്സഭയിൽ