രാജിക്കത്ത് നല്‍കാതെ ശ്വേത മേനോനും കൂട്ടരും; പൊതുസമൂഹത്തെ പറ്റിച്ചെന്ന് കെ.ബി. ഗണേഷ് കുമാര്‍, പ്രതികരണവുമായി രമേഷ് പിഷാരടി
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷന്‍ രമേഷ് പിഷാരടി. കൊച്ചിയില്‍ ചേര്‍ന്ന 'അമ്മ' അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിവെച്ചതായി പ്രഖ്യാപിച്ചവര്‍ അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കണമെന്നും ജനറല്‍ ബോഡി നിലവില്‍ തങ്ങളെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നതെന്നും പിഷാരടി വ്യക്തമാക്കി.
വിഷയത്തില്‍ ശ്വേത മേനോനും കൂട്ടര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്‌ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും രംഗത്തെത്തി. രാജി പ്രഖ്യാപിച്ചവര്‍ പൊതുസമൂഹത്തെയും മാധ്യമങ്ങളെയും പറ്റിക്കുകയായിരുന്നുവെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. ശ്വേത മേനോന്‍ രാജിക്കത്ത് കൊടുക്കാത്തത് അവരുടെ മാത്രം കുഴപ്പമാണ്. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ രാജി പ്രഖ്യാപിച്ച സ്ഥിതിക്ക് അത് ഔദ്യോഗികമായി നല്‍കേണ്ടത് ശ്വേതയുടെ ചുമതലയാണ്, തങ്ങളുടെ ഉത്തരവാദിത്തമല്ല. ഇവര്‍ കോടതിയില്‍ പോയാല്‍ അപ്പോള്‍ കാണാമെന്നും സംഘടനയുടെ ജനറല്‍ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 21-ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിന് പിന്നാലെയാണ് പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കമുള്ള മുഴുവന്‍ ഭരണസമിതി അംഗങ്ങളും കൂട്ടരാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി രമേഷ് പിഷാരടി അധ്യക്ഷനായി അടിയന്തര അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. കെ.ബി. ഗണേഷ് കുമാര്‍, സാദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. പുതിയ വെളിപ്പെടുത്തലോടെ 'അമ്മ'യിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ വീണ്ടും മുറുകുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.