ഐഎഫ്എഫ്‌കെ വേദി മാറ്റുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല; തിരുവനന്തപുരത്ത് തന്നെ സ്ഥിരം വേദിയൊരുക്കും: മന്ത്രി പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി തിരുവനന്തപുരത്തുനിന്ന് മാറ്റുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ടൂറിസം, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഐഎഫ്എഫ്‌കെയുടെ വേദി തുടര്‍ന്നും തിരുവനന്തപുരം തന്നെയായിരിക്കുമെന്നും ഇത്തരമൊരു ആലോചന സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മുതിര്‍ന്ന നടന്‍ മധു എന്നിവരെ അവരുടെ വസതികളില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരം വേദി ഉണ്ടാകുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം നഗരപരിധിയില്‍ തന്നെ ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരം വേദി സജ്ജമാക്കും. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. കൂടാതെ, ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിലച്ചുപോയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും എത്രയും പെട്ടെന്ന് അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടൂരിനെയും മധുവിനെയും സന്ദര്‍ശിച്ചു
മലയാള സിനിമയുടെയും സാംസ്‌കാരിക രംഗത്തിന്റെയും രണ്ട് പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ കണ്ടാണ് മന്ത്രി പി.സി വിഷ്ണുനാഥ് നിര്‍ദ്ദേശങ്ങള്‍ തേടിയത്. ലോകസിനിമയ്ക്ക് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് മന്ത്രി പറഞ്ഞു. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടൂരുമായി മന്ത്രി ആശയവിനിമയം നടത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സിനിമ, സാംസ്‌കാരിക വകുപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേരണാശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയുടെ കാരണവരായ മധുവിന്റെ അനുഗ്രഹം തേടിയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. സിനിമയിലെ ചെറുചലനങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കുകയും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന മധു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തികച്ചും വിലപ്പെട്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സന്ദര്‍ശന വേളയില്‍ അടൂര്‍ ഗോപാലകൃഷ്ണനെയും മധുവിനെയും മന്ത്രി പി.സി വിഷ്ണുനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.