ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖം രക്ഷിക്കാൻ സി.പി.എം നാടകം; ഇടതുപക്ഷത്ത് കടുത്ത ഭിന്നത, പത്മകുമാറിനെ സംരക്ഷിച്ചതിനെതിരെ ഘടകകക്ഷികൾ രംഗത്ത്
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സ്വന്തം അണികളുടെയും ഇടതുപക്ഷ അനുഭാവികളുടെയും കണ്ണിൽ പൊടിയിട്ട് മുഖം രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് ഘടകകക്ഷികൾക്കിടയിൽ കടുത്ത വിമർശനം. കേസിൽ പ്രതിയായി അറസ്റ്റിലായപ്പോൾ തന്നെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സി.പി.ഐയും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളും ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കർശനമായി ആവശ്യപ്പെട്ടിരുന്നു. പത്മകുമാറിനെ സംരക്ഷിക്കുന്നത് ഭക്തരെ ഇടതുപക്ഷത്തിൽ നിന്ന് പൂർണ്ണമായും അകറ്റുമെന്നും വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇവർ സി.പി.എം നേതൃത്വത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. എന്നാൽ, പത്മകുമാർ കുറ്റാരോപിതൻ മാത്രമാണെന്ന ന്യായീകരണം നിരത്തി തുടക്കത്തിൽ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം നേതാക്കൾ സ്വീകരിച്ചത്. ഒടുവിൽ നടപടി വൈകുന്നത് വൻ വിവാദമായപ്പോൾ മാത്രമാണ് പത്മകുമാറിന് ഒരു വിശദീകരണ നോട്ടീസ് എങ്കിലും അയക്കാൻ സി.പി.എം തയ്യാറായത്. ഇതിനാകട്ടെ ഒരു ദൂതൻ വഴി പത്മകുമാർ വിശദീകരണം കൈമാറുകയും ചെയ്തു. വൈകി മാത്രമെടുത്ത ഈ തീരുമാനവും എഴുതി വാങ്ങിയ വിശദീകരണവുമെല്ലാം വെറും നാടകമാണെന്നും ഇത് ശരിയായില്ലെന്നും ഘടകകക്ഷി നേതാക്കൾ അന്നേ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തോൽവിക്ക് പ്രധാന കാരണം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് എൽ.ഡി.എഫിന്റെ ജില്ലാ യോഗങ്ങളിൽ തന്നെ വിലയിരുത്തലുണ്ടായി. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് പഞ്ചായത്തിൽ ഉൾപ്പെടെ എൽ.ഡി.എഫിന്റെ വോട്ടുകളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി 30 വർഷം ഇടതുമുന്നണി കൈവശം വെച്ചിരുന്ന റാന്നി മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചത് വിശ്വാസികൾ കൂട്ടത്തോടെ എൽ.ഡി.എഫിൽ നിന്ന് അകന്നതുകൊണ്ടാണെന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും സ്വന്തമാക്കിയിരുന്ന എൽ.ഡി.എഫിന് ഇക്കുറി വെറും ഒറ്റ മണ്ഡലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആകെ വിജയിച്ച കോന്നിയിലാകട്ടെ ഭൂരിപക്ഷം വെറും 1838 വോട്ടുകളിലേക്ക് ചുരുങ്ങുകയും ചെയ്തു.
തിരുവല്ല മണ്ഡലത്തിൽ തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് മത്സരിച്ച ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇടതുമുന്നണിയെ ഞെട്ടിച്ചിട്ടുണ്ട്. വിശ്വാസികളുടെ വോട്ടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടതാണ് ഈ ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ സ്വന്തം നിഗമനം. ഈ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി 20,404 വോട്ടുകളാണ് അധികമായി വർദ്ധിപ്പിച്ചത്. സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ എ. പത്മകുമാറിന്റെ സ്വന്തം ബൂത്തായ ആറന്മുള പഞ്ചായത്തിലെ 96-ാം നമ്പർ ബൂത്തിൽ പോലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നത് വലിയ നാണക്കേടായി. തിരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മടിച്ച സി.പി.എം നേതൃത്വം, ഈ കനത്ത തോൽവി വിശകലനം ചെയ്തപ്പോഴെങ്കിലും മാതൃകാപരമായ നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നതെന്ന് ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.