'ഓപ്പറേഷൻ സിന്ദൂർ': വീരമൃത്യു വരിച്ച 6 ഇന്ത്യൻ സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് രാജ്യം
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുവിവരങ്ങൾ രാജ്യം ആദ്യമായി പുറത്തുവിട്ടു. ഓപ്പറേഷനിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെയാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ ഇന്ത്യ പരസ്യമാക്കിയിരുന്നില്ല. മുൻവർഷങ്ങളിൽ നടന്ന വിവിധ സൈനിക നടപടികൾക്കിടെ രാജ്യാതിർത്തി കാക്കാൻ ജീവൻ വെടിഞ്ഞ ധീരദേശാഭിമാനികളുടെ പേരുകൾക്കൊപ്പമാണ് ഇവരുടെ വിവരങ്ങളും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എഴുതിച്ചേർക്കും.
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം അതിശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ തകർക്കുകയായിരുന്നു ലക്ഷ്യം.
തുടർച്ചയായി 4 ദിവസമാണ് ഇന്ത്യൻ സേന അതിർത്തിക്കപ്പുറമുള്ള ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. തുടർന്ന് ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക നേതൃത്വങ്ങൾ നടത്തിയ ചർച്ചകൾക്കൊടുവിൽ മെയ് 10-ഓടെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ ഓപ്പറേഷനിലാണ് രാജ്യത്തിന്റെ അഭിമാനമായ ആറ് ജവാന്മാർ വീരമൃത്യു വരിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.