പള്ളിവാസൽ ഭൂമി കൈയേറ്റം : അന്വേഷണ റിപ്പോർട്ട്​ മുഖ്യമന്ത്രി പൂഴ്​ത്തിയെന്ന് പി.ടി. തോമസ്​

Jaihind Webdesk
Saturday, March 9, 2019

പള്ളിവാസൽ ഭൂമി കൈയേറ്റം അന്വേഷണ റിപ്പോർട്ട്​ മുഖ്യമന്ത്രി പൂഴ്​ത്തിയെന്ന് പി.ടി. തോമസ്​ എം.എൽ.എ. മൂന്നാർ പള്ളിവാസല്‍ വിപുലീകരണ വൈദ്യുതി പദ്ധതിയുടെ മറവില്‍ നടന്ന ഭൂമി കൈയേറ്റം സംബന്ധിച്ച്‌ ദേവികുളം സബ്​ കലക്​ടർ ഉൾപ്പെടെ സമർപ്പിച്ച വിവിധ അന്വേഷണ റിപ്പോർട്ടുകൾ മുഖ്യമന്ത്രി പൂഴ്‌ത്തി ​വച്ചിരിക്കുകയാണെന്ന്‌ പി.ടി. തോമസ്‌ എം.എല്‍.എ ആരോപിച്ചു.

മന്ത്രി എം.എം. മണിയുടെ ഒത്താശയോടെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ വിപുലീകരണ ഘട്ടത്തില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡി​െൻറ നിരവധിയേക്കര്‍ സ്ഥലം വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തി കെട്ടിടങ്ങള്‍ നിർമിക്കുകയും റിസോര്‍ട്ട്‌ നിർമിക്കുകയും ചെയ്‌ത നടപടിയെ സംബന്ധിച്ച്​ ജില്ല കലക്‌ടറുടെയും ദേവികുളം സബ്​ കലക്​ടറുടെയും വിശദ റിപ്പോര്‍ട്ടടങ്ങിയ ഫയലാണ്‌ ഒന്നര വര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പൂഴ്‌ത്തി ​െവച്ചിരിക്കുന്നതെന്നു് പി.ടി. തോമസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബ്ലോക്ക്‌ നമ്പര്‍ 15 പ്രദേശത്ത്‌ ഇടുക്കി എം.പിയുടെ സഹോദരൻ വ്യാജ പട്ടയമുണ്ടാക്കി ഭൂമി കൈയേറിയിട്ടുണ്ടെന്നതും ഇൗ മേഖലയിൽ അനധികൃതമായി നിർമിച്ച സി.പി.എം ബന്ധമുള്ള റിസോര്‍ട്ട്‌ ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയടക്കമുള്ളവരുടെ ഒത്താശയോടെയാണ്​ പ്രവർത്തിക്കുന്നതെന്നതും പി.ടി. തോമസ്‌ ആരോപിച്ചു. വിജിലന്‍സ്‌ അന്വേഷണം തുടങ്ങുകയും ക്വിക്ക്‌ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്‌ത സംഭവത്തിലാണിത്.

പള്ളിവാസല്‍ പെൻസ്​റ്റോക്ക്​ ലൈന്‍ കടന്നുപോകുന്നതി​ന്‍റെ സമീപത്തായി റവന്യൂ വകുപ്പ് തരിശ്‌ എന്ന്​ രേഖപ്പെടുത്തിയ പ്രദേശത്ത്‌ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മനോഹരന്‍ എന്ന ആളെ മറയാക്കിയാണ് ജനപ്രതിനിധി ഭൂമി തട്ടിയെടുക്കുകയും അത്‌ മറിച്ച്‌ വിറ്റ്‌ കോടിക്കണക്കിന്‌ രൂപ സമ്പാദിക്കുകയും ചെയ്‌തിരിക്കുന്നത്​​. ഇക്കാര്യത്തിൽ നിയമസഭ പരിസ്ഥിതി കമ്മിറ്റി പഠനം നടത്തുകയും ശക്തമായ നടപടി എടുക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിട്ടുള്ളതുമാണ്​ ഈ ഭൂമി ഇടപാട്​. ഇലക്‌ട്രിസിറ്റി ബോര്‍ഡി​ന്‍റെ വക സ്ഥലത്ത്‌ റിസോർട്ടിലേക്ക്​ റോഡ്‌ നിര്‍മിക്കാന്‍ ആര്‌ അനുമതി നല്‍കിയെന്നും ഇവര്‍ക്കെതിരെ ഭൂസംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്നും 13.02.2019-ല്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി ജില്ല കലക്‌ടര്‍ക്ക്‌ ശിപാര്‍ശ ചെയ്‌തിട്ടുള്ളതാണെന്ന്​ പി.ടി. തോമസ്​ ചൂണ്ടിക്കാട്ടി. ഇത് ഉള്‍പ്പെടെ നിർദേശങ്ങളടങ്ങിയ ഫയലാണ്‌ ഒന്നരവര്‍ഷമായി ഒരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി പൂഴ്‌ത്തിവച്ചിരിക്കുന്നത്‌. ആ ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാകണം. സബ്​ കലക്​ടർ പട്ടയം റദ്ദാക്കിയ കൊട്ടാക്കൊമ്പൂർ ഭൂമിയുടെ ഒറിജിനൽ രേഖകൾ ഏഴാം തവണയും എം.പി ഹാജരാക്കാത്തതോടുകൂടി സത്യം പുുറത്തു വന്നിരിക്കുകയാണ്.

സബ്‌ കലക്‌ടര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതെ തട്ടിപ്പു നടത്തി നടക്കുന്ന ആളെയാണോ എം.പി സ്ഥാനത്തേക്ക്​ മത്സരിപ്പിക്കുന്നതെന്ന്‌ ഇടതുമുന്നണി വ്യക്തമാക്കണമെന്നും പി.ടി.തോമസ്​ ആവശ്യപ്പെട്ടു.