അരൂർ ഉപതെരഞ്ഞെടുപ്പ് : മന്ത്രിമാർ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നടത്തുന്നുവെന്ന് പിടി തോമസ്

Jaihind News Bureau
Thursday, October 3, 2019

അരൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിമാർ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നടത്തുന്നുവെന്ന് പിടി തോമസ് എംഎൽഎ. വോട്ടർമാരെ സ്വാധീനിക്കാൻ മന്ത്രിമാർ വകുപ്പുകളെ ദുരുപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാനിമോൾ ഉസ്മാനെ കള്ള കേസിൽ കുടുക്കി ജയിലിടാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു പറഞ്ഞു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിമാർ ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പിടി തോമസ് എംഎൽഎ ആരോപിച്ചു. വോട്ടർമാരെ പ്രലോഭിപ്പിച്ച് കൊണ്ടുള്ള പ്രചാരണ പ്രർത്തനങ്ങൾ ഇടത്മുന്നണി അവസാനിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. വർഗീയത പറഞ്ഞു വോട്ട് പിടിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്നും പിടി തോമസ് ആരോപിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് തിരക്കിട്ട നിർമാണ പ്രവർത്തനം നടത്തുന്നത് ഉദ്യോഗസ്ഥരോട് തിരക്കിയതിനാണ് ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ് പ്രകാരം കേസ് എടുത്തതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ്‌ എം.ലിജു പറഞ്ഞു. ജയിലിൽ കിടന്നാണെങ്കിലും കേസ് നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ അരൂർ മണ്ഡലത്തിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.