തടഞ്ഞുവെച്ച കൊവിഡ് പ്രതിരോധ ഫണ്ട് അടൂര്‍ പ്രകാശ് എംപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുവദിച്ച് ജില്ലാ കലക്ടര്‍

Jaihind News Bureau
Wednesday, April 15, 2020

ജില്ലാ കലക്ടര്‍ തടഞ്ഞുവെച്ച കൊവിഡ് പ്രതിരോധ ഫണ്ട് അടൂര്‍ പ്രകാശ് എംപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുവദിച്ച് ജില്ലാ കലക്ടര്‍. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ അനുവദിച്ച നാലരക്കോടിയോളം രൂപയാണ് കലക്ടറുടെ അനുമതിക്കായി മാസങ്ങളോളം കാത്തുകിടന്നത്.

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച നാലര കോടിയോളം രൂപയാണ് കളക്ടര്‍ അനുമതി നല്‍കാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നത്. ഇതില്‍ അന്‍പത് ലക്ഷം രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം അനുവദിച്ച തുകയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ നാല് താലൂക്കുകള്‍ക്കായാണ് ഈ തുക അനുവദിച്ചത്.

ഫെബ്രുവരി 18 ന് പ്രൊപ്പോസല്‍ നല്‍കിയ മൂന്ന് കോടി രൂപയും മാര്‍ച്ച് 31 ന് പ്രൊപ്പോസല്‍ നല്‍കിയ അന്‍പത്തിയാറ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി മൂന്നുറ്റി അറുപത്തിയൊന്‍പത് രൂപയുമാണ് കളക്ടര്‍ ഫയലില്‍ ഒപ്പിടാത്തത് മൂലം ഉപയോഗിക്കാന്‍ കഴിയാതിരുന്നത്.

എന്നാല്‍ ഫണ്ട് വിനിയോഗത്തെ കുറിച്ച് കളക്ടറുമായി ബന്ധപ്പെട്ടിട്ടും എന്ത് കൊണ്ട് തുക ഉപയോഗിക്കുന്നില്ല എന്നതിന് കൃത്യമായ മറുപടി ലഭിച്ചില്ലെന്നു അടൂര്‍ പ്രകാശ് എംപി ആരോപിച്ചു.

തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ക്ക് ഇ മെയില്‍ മുഖാന്തരവും അല്ലാതെയും കത്ത് നല്‍കിയിട്ടും ഇതിനും മറുപടി ലഭിച്ചില്ല. എംപിയുടെ ഭാഗത്തു നിന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രണ്ടരകോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ അനുമതി നല്‍കിയത്. ശേഷിക്കുന്ന ഫണ്ടിന്റെ കാര്യത്തിലും പ്രതികരണമില്ല.