പിണറായിയുടെ പോലീസ് വേട്ടയാടുന്നത് പ്രതികളെ അല്ല ഇരകളെയെന്ന് മഹിള കോൺഗ്രസ്

Jaihind Webdesk
Saturday, March 30, 2019

പ്രതികളെ അല്ല ഇരകളെയാണ് പിണറായിയുടെ പോലീസ് വേട്ടയാടുന്നതെന്നും പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മഹിള കോൺഗ്രസ്.

കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും കൊലപാതകം കേരള പോലീസ് അന്വേഷിച്ചാൽ പ്രതികളല്ല മറിച്ച് ഇരകളെ ആണ് വേട്ടയാടപ്പെടുന്നതെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ പ്രതികളെ പുറത്ത് കൊണ്ടുവരാൻ കഴിയുകയുള്ളു. ഈ സർക്കാർ സ്ത്രീകളുടെ കണ്ണുനീർ ഒപ്പുന്ന സർക്കാരല്ല മറിച്ച് സ്ത്രീകളെ കണ്ണീർ കടലിലേക്ക് തളളിയിടുന്ന സർക്കാരാണെന്നും മഹിള കോൺഗ്രസ്സിന്‍റെ നേത്യത്വത്തിൽ പെരിയയിൽ സംഘടിപ്പിച്ച “അമ്മമാരുടെ പ്രാർത്ഥനാ സംഗമം” ഉദ്ഘാടനം ചെയ്തു കൊണ്ട് അവർ പറഞ്ഞു.

സ്ത്രീ ശാക്തീകരണവും സ്ത്രീ മുന്നേറ്റവും എല്ലാം പറഞ്ഞ് അധികാരത്തിൽ എത്തിയ ഇടതു സർക്കാർ അമ്മമാർക്കും സ്ത്രീകൾക്കും യാതൊരു വിലയും നൽകുന്നില്ല. അടുത്തിടെ കരുനാഗപ്പള്ളിയിലും തിരുവല്ലയിലും എല്ലാം ഉണ്ടായ സംഭവങ്ങൾ ഇതിന് ഉദാഹരണങ്ങളാണെന്നും മഹിള കോൺഗ്രസ്സ് അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.