സർക്കാരിന്‍റെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്

Jaihind Webdesk
Saturday, January 5, 2019

കോട്ടയം പാത്താമുട്ടം പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ലോങ്ങ് മാർച്ചിൽ വനിതകളെയുൾപ്പെടെ തല്ലിച്ചതയ്ക്കാൻ നേതൃത്വം നൽകിയ ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. സ്ത്രീകൾ പങ്കെടുത്ത മാർച്ചിൽ നടക്കുമ്പോള്‍ സ്ഥലത്ത് വനിതാ പോലീസ് ഇല്ലായിരുന്നു. സർക്കാരിന്‍റെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ അറിയിച്ചു.

വനിതകൾക്ക് നേരേ പിണറായിയുടെ പോലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ആവശ്യപ്പെട്ടു. സ്ത്രീകളെ സംരക്ഷിക്കാൻ വനിതാ മതിൽ തീർത്ത പിണറായിയുടെ പോലീസ് അവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പെൺകുട്ടികളടക്കമുള്ള ദളിത് സ്ത്രീജനങ്ങളെ ആക്രമിച്ച സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പൊലീസ്, ഇന്നലെ കോട്ടയത്ത് സമാധാനപരമായി സമരം ചെയ്ത വനിതകളടക്കമുള്ള ജനപ്രതിനിധികളെ ആക്രമിച്ചു. സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടികളിൽ നിർബന്ധമായും വനിതാ പോലീസിനെ നിയോഗിക്കണമെന്ന വ്യവസ്ഥകൾ നിലനിൽക്കെ വനിതകളെ മർദ്ദിച്ചത് പുരുഷ പോലീസാണ്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റെ സ്ത്രീ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് മഹിളാകോൺഗ്രസ് രൂപം നൽകുമെന്നും ലതികാ സുഭാഷ് അറിയിച്ചു.