പിറവം പള്ളി : വിധി നടപ്പാക്കാന്‍ പൊലീസ് ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികൾ

Jaihind Webdesk
Monday, December 10, 2018

Piravom-Church-clash

പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് എത്തിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധവുമായി എത്തിയ യാക്കോബായ വിഭാഗക്കാര്‍ പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടി. വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറിയും പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. തീ കൊളുത്തുമെന്നാണ് ഭീഷണി.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് പള്ളിയില്‍ എത്തിയത്. എന്നാല്‍ പോലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വൈദികരും വിശ്വാസികളും. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന പോലീസിന്‍റെ അഭ്യര്‍ത്ഥന കണക്കിലെടുക്കാതെ സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ ചെറുത്ത് നില്‍ക്കുകയാണ്. പള്ളിയുടെ മുകള്‍ നിലകളിലേയ്ക്ക് കയറിയ ഇവര്‍ സ്ഥലത്ത് നിന്ന് പൊലീസ് പിന്‍വാങ്ങിയില്ലെങ്കില്‍ താഴേക്ക് ചാടുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.

ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവ ഉള്‍പ്പെടെയുള്ളവര്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ട്. കൂടാതെ വൈദികരും വിശ്വാസികളും പള്ളിക്കകത്ത് പ്രാർത്ഥനയിലാണെന്നും  നാളെ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതുവരെ പൊലീസ് നടപടി നിര്‍ത്തിവെയ്ക്കണമെന്നുമാണ് വൈദികർ ആവശ്യപ്പെടുന്നത്.